അഞ്ചാലുംമൂട് (കൊല്ലം) : പഠനത്തിന് പ്രായം പ്രശ്നമല്ലെന്നു തെളിയിച്ച അക്ഷരമുത്തശ്ശി കൊല്ലം പ്രാക്കുളം നന്ദധാമിൽ ഭാഗീരഥി അമ്മ (107) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.55-ന് പ്രാക്കുളത്തെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരജേത്രിയാണ്.

1914-ലാണ്‌ ഭാഗീരഥി അമ്മയുടെ ജനനം. അമ്മ മരിച്ചശേഷം ഇളയ സഹോദരങ്ങളെ പരിപാലിക്കേണ്ടതിനാൽ ചെറുപ്രായത്തിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. 105-ാം വയസ്സിൽ തുടർ സാക്ഷരതായജ്ഞത്തിൽ പങ്കാളിയായി പഠനം പുനരാരംഭിച്ചു. നാലാംതരം തുല്യതാപരീക്ഷയിൽ 75 ശതമാനവും കണക്കിന്‌ നൂറുശതമാനവും മാർക്ക് വാങ്ങിയാണ് വിജയിച്ചത്. ഈ നേട്ടം കൈവരിച്ച ഭാഗീരഥി അമ്മയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൻകിബാത്തിലൂടെ പ്രശംസിച്ചിരുന്നു. 275-ൽ 205 മാർക്ക് നേടി ഏഴാംതരം തുല്യതാപരീക്ഷയും വിജയിച്ചു. പത്താംതരം പരീക്ഷ എഴുതണമെന്നുള്ള മോഹം ബാക്കിവെച്ചാണ് വിടവാങ്ങിയത്. പരേതനായ രാഘവൻ പിള്ളയാണ് ഭർത്താവ്. മക്കൾ: പത്മാക്ഷി അമ്മ, തുളസീധരൻ പിള്ള, പരേതയായ കൃഷ്ണമ്മ, സോമനാഥൻ പിള്ള, അമ്മിണി അമ്മ, തങ്കമണി എ.പിള്ള. മരുമക്കൾ: വിജയലക്ഷ്മി അമ്മ, മണിയമ്മ, ശ്രീധരൻ പിള്ള, പരേതരായ ബാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, ആനന്ദൻ പിള്ള. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ ശവസംസ്കാരം നടന്നു.