: കർഷകകുടുംബങ്ങളുടെ കടബാധ്യതക്കണക്കിൽ ദേശീയതലത്തിൽ കേരളത്തിന് രണ്ടാംസ്ഥാനം. 2,42,282 രൂപയാണ് കേരളത്തിലെ ഒരു കർഷകകുടുംബത്തിന്റെ ശരാശരി കടം. ദേശീയ ശരാശരി 74,121 രൂപയാണ്.

ദേശീയ ശരാശരിയെക്കാൾ രണ്ടിരട്ടി കൂടുതലാണ് കേരളത്തിന്റെ കടം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. ഇവിടത്തെ ശരാശരി കടം 2,45,554 രൂപയാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിന്റെ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

വർഷം മുഴുവനും കുടുംബത്തിലെ ഒരാളെങ്കിലും കൃഷിപ്പണിയെടുക്കുന്ന, കൃഷിയിൽനിന്നുള്ള വരുമാനം കുറഞ്ഞത് 4000 രൂപയുള്ളവരെയാണ് സർവേയിൽ പരിഗണിച്ചത്. ഈ കണക്കിൽ കേരളത്തിൽ 14.67 ലക്ഷം കർഷകകുടുംബങ്ങളുണ്ട്.

കേരളത്തിലെ കർഷകകുടുംബങ്ങളുടെ മാസവരുമാനം 17,915 രൂപയാണ്. ദേശീയ ശരാശരി 10,218 രൂപ. വരുമാനത്തിൽ കേരളത്തിലെ കർഷകർ മുന്നിലാണെങ്കിലും ജീവിതച്ചെലവ് കൂടുതലായതിനാൽ കടബാധ്യത കുറയുന്നില്ല. ആരോഗ്യമേഖലയിലെ അമിതചെലവ്, ഉയർന്ന വിദ്യാഭ്യാസവായ്പ, ജീവിതനിലവാരത്തിലെ ഉയർച്ച, കാർഷികോത്‌പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവയും കേരളത്തിലെ കർഷകരുടെ കടം കൂടാൻ കാരണമാകുന്നു.

കടബാധ്യതയുള്ള കർഷകകുടുംബങ്ങൾ (ശതമാനം)

ആന്ധ്രാപ്രദേശ് 93.2

കേരളം 69.9

കർണാടക 68

പഞ്ചാബ് 54.4

ദേശീയതലത്തിൽ 50

കേരളത്തിലെ കർഷകരുടെ വായ്പ (ശതമാനം)

വാണിജ്യബാങ്കുകളിൽനിന്ന് 48.7

സഹകരണമേഖല 30.7

സ്വയംസഹായസംഘങ്ങൾ 2.7

മറ്റുസ്ഥാപനങ്ങൾ 4.5

ബന്ധുക്കൾ, സുഹൃത്തുക്കൾ, പലിശക്കാർ 9

കേരളത്തിലെ കർഷകരുടെ വരുമാനം (രൂപ)

കൃഷി 3638

വിവിധ ജോലികളിൽനിന്നുള്ള വേതനം 10,201

പാട്ടത്തുക 150

മൃഗസംരക്ഷണം 1050

കാർഷികേതര മേഖല 2876