തിരുവനന്തപുരം: ദുരന്തമുന്നറിയിപ്പ് പലതവണ ഉണ്ടായിട്ടും അവഗണിക്കുന്നതാണ് കേരളത്തിലെ ആവർത്തിച്ചുള്ള അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പരിസ്ഥിതി മേഖലയിലെ വിദഗ്ധർ. മണിമലയാറിന് 500 മീറ്റർ ചുറ്റളവിൽ 217 ഖനനം, കോട്ടയം ജില്ലയിൽ ഭൂകമ്പത്തിന് പ്രഭവകേന്ദ്രമാകുമെന്നു കരുതുന്ന 14 ഇടത്ത് ക്വാറികൾ. പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഇക്കാര്യങ്ങളൊന്നും പരിശോധിച്ച് തിരുത്താൻ സർക്കാർ തയ്യാറാകാത്തതിന്റെ ഫലംകൂടിയാണ് മണ്ണിൽ പുതഞ്ഞ് ഇല്ലാതായ മനുഷ്യജീവനുകൾ.

ഏത് ഘട്ടത്തിലും പൊട്ടിത്തകരാവുന്ന വിധത്തിൽ ദുർബലമാണ് കേരളത്തിലെ മലനിരകളെന്ന് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ പാനൽ, ഹൈ െലവൽ വർക്കിങ് ഗ്രൂപ്പ് എന്നിവയുടെ പഠനങ്ങളെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മനുഷ്യർ ഒലിച്ചുപോയ ഇടങ്ങളെല്ലാം ഇതിൽപ്പെട്ടതാണ്.

90 കിലോമീറ്റർ നീളത്തിലൊഴുകുന്ന മണിമലയാറ്റിനടുത്തുള്ള ക്വാറികളിലേറെയും പ്രവർത്തനാനുമതി ഇല്ലാത്തതാണ്. പുഴകളുടെയും കൈവഴികളുടെയും തീരത്തിന് 100 മീറ്റർ അടുത്തുപോലും ക്വാറികളുണ്ടെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ 297 എണ്ണമാണ് കോട്ടയം ജില്ലയിലുള്ളത്. ഇടുക്കിയിൽ 209 എണ്ണവും.

ഭൂകമ്പസാധ്യതയുള്ള സ്ഥലങ്ങളിലെ ക്വാറികളെക്കുറിച്ചും ഈ റിപ്പോർട്ടുകളിൽ പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന രണ്ടിടത്ത് ഇടുക്കിയിൽ ഖനനം നടക്കുന്നുണ്ട്. 1.16 ഹെക്ടറിലാണിത്. പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്ററിന് അടുത്തായി 15.11 ഹെക്ടറിൽ 23 ഖനനങ്ങളാണുള്ളത്. കോട്ടയത്ത് പ്രഭവകേന്ദ്രമായി കണക്കാക്കുന്ന സ്ഥലങ്ങളിൽത്തന്നെ 14 ക്വാറികളുണ്ട്. 4.91 ഹെക്ടറിലാണ് ഖനനം. ഇതിന് ഒരുകിലോമീറ്റർ ചുറ്റളവിൽ 3.79 ഹെക്ടറിലായി 13 ഇടത്താണ് ഖനനം.

ജനസാന്ദ്രത കൂടിയതും അതിവേഗം നടക്കുന്ന നഗരവത്കരണവുമാണ് പരിസ്ഥിതി ചൂഷണത്തിന്റെ തോത് ഉയരാൻ കാരണം. 2011-ലെ സെൻസസ് പ്രകാരം ദേശീയ ജനസാന്ദ്രത ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിന് 382 പേരാണെങ്കിൽ കേരളത്തിലത് 860 ആണ്.

2001-ലെ സെൻസസ് അനുസരിച്ച് നഗരവത്‌കരണ നിരക്കിൽ 19-ാം സ്ഥാനത്തായിരുന്നു കേരളം. 2011-ൽ ഇത് ഒമ്പത് ആയി. എല്ലാ പദ്ധതികളും ഇനി പരിസ്ഥിതിയെ പഠിച്ചാകുമെന്നാണ് 2018-ൽ സർക്കാർ ഇറക്കിയ പരിസ്ഥിതി ധവളപത്രത്തിൽ നൽകിയ ഉറപ്പ്. എന്നിട്ടും കെ-റെയിൽ പദ്ധതിപോലും അത്തരം പഠനം നടത്താതെയാണ് ആസൂത്രണം ചെയ്തതെന്നാണ് പരിഷത്ത് പോലുള്ള സംഘടനകളുടെ ആരോപണം.

പരിസ്ഥിതി ധവളപത്രത്തിലെ ഉറപ്പ്

പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും മേലുള്ള കൈയേറ്റം ഓരോവർഷവും ഏറിവരുകയാണ്. ഈ സമ്മർദങ്ങളുടെ പരിണിത ഫലങ്ങൾ അത്യന്തം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോടുള്ള കരുതൽ വർധിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. എല്ലാവിധ വികസനപ്രവർത്തനങ്ങളും കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതിക സാഹചര്യങ്ങളെ മുഖവിലയ്ക്കെടുത്തുകൊണ്ട് ‘ആരോഗ്യമുള്ള പരിസ്ഥിതി-ആരോഗ്യമുള്ള ജനത’ എന്ന ആശയത്തിലേക്ക് പുനഃക്രമീകരിക്കും.

content highlights: kerala rain havoc