തിരുവനന്തപുരം: അനധ്യാപക നിയമനങ്ങൾ പി.എസ്.സി.ക്കു വിട്ടിട്ടും സർവകലാശാലകൾക്കു കുലുക്കമില്ല. ഒഴിവുകൾ അറിയിക്കാതെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലാണ് സർവകലാശാലകൾക്കു താത്പര്യം. കഴിഞ്ഞ ഡിസംബറിനുള്ളിൽ പി.എസ്.സി. അപേക്ഷ ക്ഷണിക്കാത്തതിനാൽ പ്രായപരിധിയിലെത്തിയ പതിനായിരങ്ങൾക്ക് അവസരം നഷ്ടപ്പെട്ടു.

അനധ്യാപക നിയമനം പി.എസ്.സി.ക്കു വിടാൻ 10 വർഷംമുമ്പാണ് തീരുമാനമെടുത്തത്. കഴിഞ്ഞ നവംബർ ആറിനാണ് നിയമനവ്യവസ്ഥകൾ എക്സിക്യുട്ടീവ് ഉത്തരവായിറക്കിയത്. 16 അനധ്യാപക തസ്തികകളെക്കുറിച്ചാണ് ഉത്തരവിൽ പറയുന്നത്. 2020-ൽത്തന്നെ പി.എസ്.സി.യുടെ വിജ്ഞാപനമുണ്ടാകണമെന്ന നിശ്ചയത്തോടെയാണ് സർക്കാർ തിരക്കിട്ട് ഉത്തരവിറക്കിയത്. എന്നാൽ, മൂന്നുമാസമായിട്ടും നടപടിയായില്ല.

കാലിക്കറ്റ് സർവകലാശാലയിൽ 35 പേരെ സ്ഥിരപ്പെടുത്താൻ ഡിസംബറിലെ സിൻഡിക്കേറ്റ് യോഗമാണ് അനുമതിനൽകിയത്. ഉദ്യോഗാർഥികളും സേവ് യൂണിവേഴ്‌സിറ്റി ഫോറവും ഹൈക്കോടതിയെ സമീപിച്ച് താത്കാലികമായെങ്കിലും ഇതു തടഞ്ഞു. കേരള സർവകലാശാലയിലും സമാനനീക്കമുണ്ട്. കംപ്യൂട്ടർ പ്രോഗ്രാമർ, ഡ്രൈവർ, അറ്റൻഡർ തുടങ്ങിയ തസ്തികകളിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്.

സംസ്കൃത സർവകലാശാല, കുസാറ്റ്, കാർഷിക സർവകലാശാല എന്നിവിടങ്ങളിലും വിവിധ തസ്തികകളിലുള്ള താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശകൾ തയ്യാറാക്കിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്കെതിരേയുണ്ടായ ഹൈക്കോടതി വിധിയാണ് ഈ നടപടികളെ തത്കാലം പിന്നിലേക്കുവലിച്ചത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും പി.എസ്.സി.യും ഓപ്പൺ സർവകലാശാലയ്ക്കു പ്രശ്നമല്ല

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 16 തസ്തികകളിൽ താത്കാലിക നിയമനത്തിന് കഴിഞ്ഞമാസമാണ് അപേക്ഷ ക്ഷണിച്ചത്. സർവകലാശാലകളിൽ പി.എസ്.സി. വഴിയുള്ള നിയമനത്തിന് ഉത്തരവിറങ്ങിയശേഷമാണിത്. നിയമനച്ചട്ടം തയ്യാറാകാത്തതുകൊണ്ടാണ് താത്കാലിക നിയമനത്തിന് തീരുമാനിച്ചതെന്ന് സർവകലാശാല വിശദീകരിക്കുന്നുണ്ട്. എന്നാൽ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരെയോ പി.എസ്.സി.യുടെ റാങ്ക് പട്ടികയിലുള്ളവരെയോ പരിഗണിക്കാത്തത് സംശയങ്ങൾക്കിടനൽകുകയാണ്. ആദ്യം താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുകയും പിന്നീട് ചട്ടങ്ങൾ തയ്യാറാകുമ്പോൾ സ്ഥിരപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വിജ്ഞാപനമെന്നാണ് ആക്ഷേപം.

അധ്യാപക തസ്തികകൾക്കുപുറമേ കണ്ടന്റ് റൈറ്റർ, ജോയന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, സെക്ഷൻ ഓഫീസർ, ഡേറ്റാ അനലിസ്റ്റ്, പി.ആർ.ഒ., ലീഗൽ കൺസൽട്ടന്റ്, അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റുവാർഡ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ, ഡ്രൈവർ എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം.