തിരുവനന്തപുരം: കോവിഡ് വ്യാപനം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെയും നിയമന ശുപാര്‍ശയെയും ബാധിക്കാത്തതിനാല്‍ പി. എസ്.സി. റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിപറയുകയായിരുന്നു അദ്ദേഹം. കാലാവധി കഴിയുന്ന 493 റാങ്ക് പട്ടികകളില്‍ വേണ്ടത്ര നിയമനം നടന്നിട്ടില്ലെന്നും അവയുടെ കാലാവധി ആറുമാസം കൂടി നീട്ടണമെന്നുമായിരുന്നു സതീശന്റെ ആവശ്യം.

34 ദിവസം ഉദ്യോഗാര്‍ഥികള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സതീശന്‍ പറഞ്ഞു. പക്ഷേ, ഒന്നാം റാങ്കുകാരനുപോലും ജോലികിട്ടിയില്ല.

എന്‍ട്രി കേഡര്‍ നിയമനം, നൈറ്റ് വാച്ച്മാന്‍ ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കി അധിക നിയമനം നടത്തല്‍ ഇതൊന്നും പാലിക്കാത്തതാണെന്നും സതീശന്‍ പറഞ്ഞു.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുന്നതിനാല്‍ അതുവരെയുള്ള മുഴവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റദ്ദാകുന്നത് 493 റാങ്ക് പട്ടികകള്‍

തിരുവനന്തപുരം: കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തില്ലെങ്കില്‍ അടുത്തമാസം നാലാം തീയതി റദ്ദാകുന്നത് പി.എസ്.സി.യുടെ 493 റാങ്ക് പട്ടികകളാണ്. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ്, ഡ്രൈവര്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍, ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള തസ്തികകളുടെ പട്ടികകള്‍ ഇതിലുണ്ട്.

ഒരാളെയും നിയമിച്ചില്ല; റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉത്തരവ്

കൊച്ചി: 2018-ല്‍ നിലവില്‍വന്ന എറണാകുളം ജില്ല ഹൈസ്‌കൂള്‍ സംസ്‌കൃതാധ്യാപക റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടാന്‍ അഡ്മിന്‍സ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. റാങ്ക് ലിസ്റ്റില്‍നിന്ന് ആര്‍ക്കും നിയമനം നല്‍കിയിട്ടില്ലെന്നത് കണക്കിലെടുത്താണ് ആക്ടിങ് ചെയര്‍മാന്‍ ബെന്നിയുടെ നിര്‍ദേശം. ഓഗസ്റ്റ് എട്ടിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഇറക്കാനാണ് പി.എസ്.സി.യോട് നിര്‍ദേശിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ കെ.എസ്. സേതുലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണിത്. കാലാവധി ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് ഉത്തരവ്.