തിരുവനന്തപുരം: കോവിഡ് ബാധിതരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന് പകരം വീഡിയോ കോൺഫ്രൻസിങ് സാധ്യതപോലീസ് പരിശോധിക്കുന്നു. ക്രിമിനൽ കേസുകളിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളിൽ പലരും കോവിഡ് ബാധിച്ച് ആശുപത്രികളിലോ സി.എഫ്.എൽ.ടി.സികളിലോ ആയതിനാൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണിത്. പ്രതികളെ കൂടാതെ തെളിവെടുപ്പ് നടത്താനുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

കോവിഡ് കാലത്ത് ക്രിമിനൽ കേസ് അന്വേഷണത്തിനുള്ള ബുദ്ധിമുട്ടുകൾ കഴിഞ്ഞ ക്രൈം റിവ്യൂ യോഗത്തിൽ ചർച്ചയായിരുന്നു. ഇക്കാര്യങ്ങൾ സംസ്ഥാന ജയിൽ മേധാവിയുമായി ചർച്ചചെയ്യാൻ എ.ഡി.ജി.പി. വിജയ് സാഖ്റെയെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചുമതലപ്പെടുത്തിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്യാൻ നിലവിലെ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ വേണം. കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥനും ജുഡീഷ്യൽ ഓഫീസർക്കും പ്രതിക്കും ഇതേ സംരക്ഷണം ഒരുക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ചോദ്യംചെയ്യൽ സാധ്യമാകുമോയെന്ന് ആലോചിക്കുന്നത്. രണ്ടു മൂന്ന് കേസുകളിൽ ഈ രീതിയിലുള്ള പരീക്ഷണം നടത്തിയ ശേഷം അക്കാര്യം കോടതിയെ അറിയിക്കും. കോടതി അംഗീകരിച്ചാൽ പ്രവർത്തന മാനദണ്ഡം പുറപ്പെടുവിക്കാമെന്ന് പോലീസ് മേധാവി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ തെളിവെടുപ്പും ബുദ്ധിമുട്ടാണ്. അതിനാൽ പ്രതിയെ സ്ഥലത്ത് കൊണ്ടുപോകാതെ തെളിവെടുപ്പ് നടത്തുന്നതു ആലോചനയിലാണ്. പ്രതിയുടെ സാന്നിധ്യമില്ലാതെ തെളിവ് ശേഖരണം നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു സാക്ഷിയുണ്ടാകുന്നത് നല്ലതാണ്. പ്രതിയുടെ മൊഴി സാക്ഷിയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയെ ശേഷം സാക്ഷിയെ തെളിവെടുപ്പിന് കൂടെക്കൂട്ടിയാൽ വിശ്വാസ്യത വർധിക്കുമെന്ന് പോലീസ് മേധാവി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിവേദനം ഹൈക്കോടതിയിൽ സമർപ്പിക്കാൻ ദക്ഷിണ മേഖലാ ഐ.ജി.യെയും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.