കോട്ടയം: സാമൂഹികസുരക്ഷാ പെൻഷൻ അനർഹർ വാങ്ങുന്നത് തടയാൻ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം രംഗത്ത്. വാർധക്യകാല, കർഷകത്തൊഴിലാളി, വിധവ, വികലാംഗ, അവിവാഹിത പെൻഷനുകളും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും വാങ്ങുന്നവരെക്കുറിച്ച് അന്വേഷിക്കാൻ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇപ്പോൾ നടക്കുന്ന മസ്റ്ററിങ്ങിലൂടെ അനർഹരെ കണ്ടെത്തുന്നതിന് പുറമേയാണിത്.

അതത് സ്ഥലങ്ങളിലെ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ അന്വേഷണം നടത്തി റിപ്പോർട്ട് ഡിവൈ.എസ്.പി.മാർക്ക് സമർപ്പിക്കും. ഇവരത് ക്രോഡീകരിച്ച് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി അർഹരായവർക്ക് പെൻഷൻ ലഭിക്കൂ.

നിലവിൽ 47.21 ലക്ഷം പേരാണ് പെൻഷൻ വാങ്ങുന്നത്. 10.43 ലക്ഷം പേർ ക്ഷേമനിധി പെൻഷനും വാങ്ങുന്നുണ്ട്. ഇതിൽ കൂടുതലും അനർഹരാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്റ്ററിങ്ങും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും ആരംഭിച്ചത്.

പോലീസ് അന്വേഷിക്കുന്നത്

* പെൻഷൻവാങ്ങുന്നവരുടെ നിലവിലെ വിവരങ്ങൾ.

* പ്രവാസിയാണോ, വരുമാന സ്രോതസ്സുകൾ.

* വീട്, ചുറ്റുപാട്, സ്വത്തുവകകൾ.

* ഭാര്യയാണ് പെൻഷൻ വാങ്ങുന്നതെങ്കിൽ ഭർത്താവിന്റെ വിവരങ്ങൾ. ഭർത്താവാണെങ്കിൽ ഭാര്യയുടെയും മക്കളുടെയും വിവരങ്ങൾ.

* മക്കൾ പ്രവാസികളാണോ, അടുത്തബന്ധുക്കൾ സർക്കാർ ഉദ്യോഗസ്ഥരാണോ, അവരുടെ വരുമാനം.

* ചട്ടവിരുദ്ധമായി ഒന്നിലധികം പെൻഷൻ വാങ്ങുന്നുണ്ടോ.

* റേഷൻ കാർഡിന്റെ തരം.

Content Highlights; kerala police investigate social welfare pension holders background