തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവരെ പോലീസ് ഇനി പാത്തുംപതുങ്ങിയും ഓടിച്ചിട്ടും പിടിക്കില്ല. ഇതിനായി തയ്യാറാക്കുന്ന മൊബൈൽ ആപ്പിലൂടെ ചിത്രം പകർത്തിയാകും നടപടി. നിയമലംഘനം രേഖപ്പെടുത്തി ക്രമക്കേട് കാട്ടുന്നവരിൽനിന്ന് പിഴയീടാക്കുന്ന ‘ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സമെന്റ്’ സംവിധാനം അടുത്തമാസം പകുതിയോടെ പ്രാബല്യത്തിൽ വരും. നാഷണൽ ഇൻഫൊമാറ്റിക്‌സ് (എൻ.ഐ.സി.) തയ്യാറാക്കുന്ന ആപ്പാകും കേരള പോലീസ് ഉപയോഗപ്പെടുത്തുക.

എൻ.ഐ.സി. തയ്യാറാക്കുന്ന ആപ്പിനെ പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വിവരശേഖരവുമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക. നിയമലംഘനം നടത്തുകയാണെങ്കിൽ അവ ആപ്പിൽ രേഖപ്പെടുത്തും. ലംഘനം ആവർത്തിക്കുകയാണെങ്കിൽ അക്കാര്യവും കണ്ടെത്താനാകും.

പോലീസുകാരുടെ സ്മാർട്ട്‌ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിലൂടെയാകും നിയമലംഘനം പകർത്തുക. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേകം യൂസർ ഐ.ഡിയും പാസ്‌വേഡും നൽകും. പകർത്തുന്ന ചിത്രത്തിൽ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉൾപ്പടെ രേഖപ്പെടുത്തി അത് ഡിജിറ്റൽ ട്രാഫിക് കൺട്രോൾ സംവിധാനത്തിലേക്കയക്കും. ഇവിടെ ചിത്രം വിശകലനംചെയ്ത് പിഴത്തുക നിശ്ചയിച്ച് മോട്ടോർ വാഹനവകുപ്പിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകും. ആപ്പിലൂടെയല്ലാതെ പകർത്തുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പഴയപോലെ പോലീസ് റോഡരികിൽതന്നെ ഉണ്ടാവും.

ഇതിനുപുറമേ നമ്പർപ്ലേറ്റുകൾ തിരിച്ചറിയാനും മറ്റ് ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താനും സഹായിക്കുന്ന ക്യാമറകളും പ്രധാനയിടങ്ങളിലുണ്ടാകും. ഇവയെടുക്കുന്ന ചിത്രങ്ങളും കൺട്രോൾ റൂമിലെത്തും. ഇതുവഴിയും നിയമലംഘകർക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകും. പിഴയടയ്ക്കാൻ ഓൺലൈൻ സംവിധാനങ്ങളും ഒരുക്കും.

Content Highlights: kerala police introducing total digital traffic enforcement system and app