കോഴിക്കോട്: എല്ലാ വിഷയത്തിലും എ പ്ലസോടെ എസ്.എസ്.എല്‍.സി. ജയിച്ചിട്ടും ഒരു സ്‌കൂളിലും പ്ലസ്വണ്‍ പ്രവേശനം ലഭിക്കാതായതോടെ കോഴകൊടുത്ത് പ്രവേശനം നേടേണ്ട ഗതികേടില്‍ വിദ്യാര്‍ഥികള്‍. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് ഫുള്‍ എ പ്ലസുകാരും തിരക്കുകൂട്ടിയതോടെ സയന്‍സ് കോമ്പിനേഷനില്‍ ഒരുലക്ഷം രൂപവരെയാണ് ഒരു സീറ്റിന്റെ മൂല്യം. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ ആയിരം രൂപ നല്‍കിയാല്‍ സീറ്റ് ലഭിക്കുമായിരുന്ന കംപ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനില്‍ ഇക്കുറി അരലക്ഷംവരെ നല്‍കി സീറ്റ് നേടിയ സംഭവവും ഉണ്ട്.

പ്രവേശനത്തിന് 45 സ്‌കൂളുകള്‍വരെ തിരഞ്ഞെടുത്തിട്ടും ഒരിടത്തും മെറിറ്റില്‍ പ്രവേശനം ലഭിക്കാതായതോടെയാണ് കൊയിലാണ്ടിയിലെ ഒരു വിദ്യാര്‍ഥി സയന്‍സ് ഗ്രൂപ്പില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയത്. കോഴിക്കോട് ജില്ലയിലെ മറ്റൊരു വിദ്യാര്‍ഥിനിക്ക് ഹ്യുമാനിറ്റീസില്‍ താത്കാലിക പ്രവേശനമാണ് ലഭിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമേ സ്‌കൂള്‍ മാറ്റം അനുവദിക്കൂ എന്നതിനാല്‍ സയന്‍സ് ഗ്രൂപ്പിലേക്ക് മാറാനാവില്ലെന്ന ആശങ്കയിലാണ് ഈ വിദ്യാര്‍ഥിനി മാനേജ്മെന്റ് സീറ്റില്‍ സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നത്.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടിയായപ്പോള്‍ തുടര്‍പഠനത്തിന് ആവശ്യമായ സീറ്റുണ്ടെന്ന് ഉറപ്പാക്കാതെയുള്ള പ്രവേശനനടപടികളാണ് മികച്ച വിദ്യാര്‍ഥികളെ മെറിറ്റ് സീറ്റിനു പുറത്തേക്കാക്കിയത്. എ പ്ലസ് നേടിയവരില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി മാനേജ്മെന്റ്/അണ്‍ എയ്ഡഡ് സീറ്റില്‍ പ്രവേശനം നേടേണ്ടി വരുമെന്നാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ ഉന്നതര്‍തന്നെ പറയുന്നത്.

മാനേജ്മെന്റ് സീറ്റുകളിലേക്ക് പണമീടാക്കുന്നത് പല പേരുകളിലാണ്. ചിലേടത്ത് ലാബ് മെച്ചപ്പെടുത്താന്‍, മറ്റുചിലേടത്ത് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം കൂട്ടാന്‍ എന്നിങ്ങനെ പല പേരുകളിലാണ് സംഭാവന. അണ്‍ എയ്ഡഡ് സ്‌കൂളുകളാവട്ടെ, പലതരം ഫീസുകളുടെ പേരിലാണ് പണപ്പിരിവ്.

Content Highlights: Kerala Plus One Admission 2021, Full A plus students in the management quota