തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് വിവരം നേരത്തെ അറിഞ്ഞിട്ടും മൂടിവെച്ച സി.പി.എം. ജില്ലാസെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പരാതി ലഭിച്ചപ്പോൾത്തന്നെ അന്വേഷണത്തിന് ഉത്തരവിട്ടെന്നും റിപ്പോർട്ട് ലഭിച്ചയുടൻ നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിൽ 104.37 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. തട്ടിപ്പിൽ പങ്കുള്ള ഏഴു ജീവനക്കാരെ സസ്പെൻഡ് ചെയ്തു -മന്ത്രി പറഞ്ഞു.

സി.പി.എം. ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ്‌ തട്ടിപ്പ് നടത്തിയതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ ആരോപിച്ചു. സഹകരണപ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്ന് ആരോപിക്കുന്നവർ കേന്ദ്രത്തിന് അടിക്കാൻ വടി നൽകുകയാണെന്നും ഷാഫി ആരോപിച്ചു.

നിലപാടും നിലവാരവുമുള്ള പാർട്ടിയാണു സി.പി.എം. എന്നതിനാലാണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അന്വേഷണം നടത്തിയതെന്ന് മന്ത്രി വാസവൻ പറഞ്ഞു. രണ്ടുലക്ഷം രൂപയുടെപേരിൽ തുമ്പൂർ സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ടവർ 350 കോടിയുടെ തട്ടിപ്പ് നടന്ന ബാങ്കിന്റെ കാര്യത്തിൽ നടപടിയെടുക്കാൻ മൂന്ന് വർഷമെടുത്തുവെന്ന് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.