തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണനെ സ്പീക്കർസ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്ന പ്രതിപക്ഷപ്രമേയം 21-ന് ചർച്ച ചെയ്യും. 28 വരെ ചേരാൻ തീരുമാനിച്ച സഭാസമ്മേളനം 21-ന് പിരിയും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സമ്മേളനം ചുരുക്കുന്നത്. സ്വർണം, ഡോളർക്കടത്ത് പ്രതികളുമായി ബന്ധം ആരോപിക്കപ്പെടുന്ന സ്പീക്കർ സഭയ്ക്ക് അപമാനമാണെന്നാണ് എം. ഉമ്മർ നൽകിയ നോട്ടീസിൽ പ്രതിപക്ഷം വാദിക്കുന്നത്. 21-ന് വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയശേഷം ഒരുമണിക്കൂർ നേരമാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം സഭ തള്ളും.

ഇത് മൂന്നാംതവണയാണ് സ്പീക്കറെ നീക്കാനുള്ള പ്രമേയം സഭ ചർച്ച ചെയ്യുന്നത്. 1982-ൽ എ.സി. ജോസിനെയും 2014-ൽ വക്കം പുരുഷോത്തമനെയും നീക്കംചെയ്യാൻ പ്രമേയമവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.