കരുനാഗപ്പള്ളി: 12 കോടി രൂപ ഒന്നാംസമ്മാനമുള്ള തിരുവോണം ബമ്പറടിച്ചത് കരുനാഗപ്പള്ളി ചുങ്കത്ത് ജൂവലറിയിലെ സുഹൃത്തുക്കളായ ആറു ജീവനക്കാർക്ക്.

ശാസ്താംകോട്ട ശാന്തിവിലാസത്തിൽ റംജിൻ ജോർജ്, കോട്ടയം വൈക്കം കുന്തത്തിൻചിറയിൽ വിവേക്, തൃശ്ശൂർ പരപ്പൂർ പുത്തൂർ ഹൗസിൽ റോണി, ചവറ തോട്ടിൻ വടക്ക് രാജീവത്തിൽ രാജീവ്, തെക്കുംഭാഗം നടുവത്തുചേരി രതീഷ് ഭവനത്തിൽ രതീഷ് കുമാർ, തൃശ്ശൂർ അന്നമനട പാലിശ്ശേരി കരോട്ടുപുറം വീട്ടിൽ സുബിൻ തോമസ് എന്നിവരാണ് ഭാഗ്യശാലികൾ. വിവിധ നികുതികളും മറ്റും കിഴിച്ച് 7.56 കോടിരൂപ ഇവർക്കുകിട്ടും.

ചൊവ്വാഴ്ച വൈകീട്ടാണ് ജൂവലറിയുടെമുന്നിൽ ദേശീയപാതയോരത്തെ ലോട്ടറി വിൽപ്പനക്കാരനായ സിദ്ദിഖിൽനിന്ന് ഇവർ ടിക്കറ്റെടുത്തത്. ആറുപേരും നൂറുരൂപ വീതമിട്ട് രണ്ടുടിക്കറ്റുകളെടുത്തു. ഇതിൽ ടി.എം. 160869 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സുഹൃത്തുക്കളുടെ തീരുമാനം.

ടിക്കറ്റ് വിറ്റത് ശിവൻകുട്ടി

ശിവൻകുട്ടികായംകുളം: ഓണം ബന്പറിന്റെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് കായംകുളത്തെ ശ്രീമുരുകാ ലോട്ടറി ഏജൻസീസ് ഉടമ കണ്ടല്ലൂർ ഷൺമുഖാലയത്തിൽ ശിവൻകുട്ടിയാണ്. ഒന്നാം സമ്മാനത്തിന്റെ 10 ശതമാനം ശിവൻകുട്ടിക്കുള്ളതാണ്. 1.20 കോടി. ആലപ്പുഴ ലോട്ടറി ഓഫീസിൽനിന്നെടുത്ത ടിക്കറ്റ് കരുനാഗപ്പള്ളിയിലെ സബ് ഏജന്റായ സിദ്ദിഖ് വഴിയാണ്‌ ശിവൻകുട്ടി വിതരണം ചെയ്തത്.

മുപ്പതുവർഷത്തോളമായി ശിവൻകുട്ടി ലോട്ടറിവ്യാപാരം നടത്തുന്നു. മുന്പ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ ശിവൻകുട്ടി വിറ്റ ടിക്കറ്റിനു ലഭിച്ചിരുന്നു.

Content Highlights: kerala onam bumper 2019