തിരുവനന്തപുരം: നിയമസഭാ അതിക്രമക്കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്നാണ് തീരുമാനം. സർക്കാരിനായി പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോനായിരിക്കും കോടതിയിൽ ഹാജരാകുക.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ എം.എൽ.എ., മുൻ നിയമസഭാംഗങ്ങളായ ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ്, കെ. അജിത്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതികൾ. കേസ് അവസാനിപ്പിക്കണമെന്നുകാട്ടി പ്രതികൾ കോടതിയിൽ നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.

നിയമസഭാ സെക്രട്ടറിയാണ് പരാതി നൽകിയതെങ്കിലും സർക്കാരാണ് കേസ് നടത്തേണ്ടത്. കേസ് തെളിയിക്കേണ്ട സർക്കാരിൽ അംഗമായ മന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്ന വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്. ഇതു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു.

കേസ് പിൻവലിക്കാൻ അനുമതിനൽകണമെന്നു കാണിച്ച് സംസ്ഥാനസർക്കാർ വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിലെ നിയമപോരാട്ടം സുപ്രീംകോടതിവരെയെത്തിയിരുന്നു. ആവശ്യം തള്ളിയ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വീണ്ടുമെത്തുന്നത്.

നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർചെയ്ത കേസിൽ അഞ്ചുലക്ഷം രൂപയിലധികം നഷ്ടമുണ്ടായതായാണ്‌ പറയുന്നത്. ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ 2,20,093 രൂപയുടെ നഷ്ടമാണ് പറയുന്നത്. പ്രതികൾ ജാമ്യമെടുത്ത സമയത്ത് 2,13,786 രൂപ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചിരുന്നു.