കൊച്ചി: നല്ല പ്രതിപക്ഷമെന്നാൽ നിയമസഭ അടിച്ചുപൊളിക്കലല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിയമസഭ പൊളിച്ചതിന് മന്ത്രി ശിവൻകുട്ടി രാജിവെക്കാൻ നടത്തുന്ന പ്രതിഷേധം നിയമസഭ അലങ്കോലപ്പെടുത്തലായാൽ ജനം പരിഹസിക്കുമെന്നും സതീശൻ പറഞ്ഞു. നിയമസഭ ദിവസങ്ങളോളം സ്തംഭിപ്പിച്ചു മുന്നോട്ടുപോയാൽ ശിവൻകുട്ടിയും നമ്മളും തമ്മിൽ പിന്നെ എന്തു വ്യത്യാസമെന്നും സതീശൻ ചോദിച്ചു.

പ്രതിപക്ഷ നേതാവ് സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നതായി പാർട്ടിയിൽ പരാതിവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിപറയുകയായിരുന്നു സതീശൻ. നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നതാണ് ശക്തമായ പ്രതിപക്ഷമെന്ന സാമ്പ്രദായിക രീയിൽനിന്ന് മാറുമെന്ന് ആദ്യമേതന്നെ പറഞ്ഞിട്ടുള്ളതാണ്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പാർലമെന്ററി പാർട്ടികൾ ഇത് അംഗീകരിച്ചിട്ടുള്ളതാണ്.

പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ കോൺഗ്രസിൽ ആർക്കെങ്കിലും എതിർപ്പുള്ളതായി തനിക്കറിയില്ല. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി എല്ലാദിവസവും കൂടിയാലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. സർക്കാരിനോട് പ്രതിപക്ഷത്തിന് മൃദുസമീപനമല്ലെന്ന് നിയമസഭാ സമ്മേളനത്തിൽനിന്നുതന്നെ വ്യക്തമാവും.

മുട്ടിൽ മരംമുറി, മന്ത്രി ശിവൻകുട്ടിക്കും എ.കെ. ശശീന്ദ്രനുമെതിരായ കേസുകൾ, കഴൽപ്പണ ഇടപാട്, സ്വർണക്കടത്ത്, ബി.ജെ.പി.-സി.പി.എം. ധാരണ, കോവിഡ് മരണനിരക്ക് തുടങ്ങിയ വിഷയങ്ങളിലെല്ലാം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നിയമസഭയ്ക്കു പുറത്ത് പാർട്ടി ഈ വിഷയങ്ങൾ ഏറ്റെടുത്തെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസ് പുനഃസംഘടനാ വിഷയത്തിൽ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഓണത്തിനുമുമ്പ് തീരുമാനമുണ്ടാവുമെന്നും സതീശൻ പറഞ്ഞു.