കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ വാഹനത്തെ പിന്തുടർന്ന സൈജു എം. തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിൽ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു, അപമര്യാദയായി പെരുമാറി, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തിരുന്നത്.

പിന്തുടർന്ന സൈജുവിൽനിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കസ്റ്റഡി റിപ്പോർട്ടിൽ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണിൽ നിന്നു വീണ്ടെടുത്ത ചാറ്റുകൾ തന്നെ ഇയാൾക്ക് കുരുക്കായിട്ടുണ്ട്.

’’അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്...’’ എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റാണിത്.

’സാധനങ്ങളോ ഞങ്ങൾ ഫുൾ നാച്വറൽ ആയിരുന്നു മോളെ, നാച്വറൽ വനത്തിൽ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച് വനത്തിൽ കറി വച്ചത്, ഇത്തിരി സ്റ്റാമ്പ്, ഇച്ചിരി ലൈൻ ഇവരുടെയൊക്കെ കുറവുണ്ടായി, അത് അടുത്ത തവണ വരുമ്പോൾ പരിഹരിക്കാം’’ സൈറ ബാനുവുമായി 2021 ജൂലായ്‌ 26-ന് സൈജു നടത്തിയ ചാറ്റ്.

സൈജുവിന്റെ ലഹരി ഇടപാടിനെ കുറിച്ച് വ്യക്തമായ തെളിവ് നൽകുന്ന ചാറ്റുകളാണിത്. മാത്രമല്ല കാട്ടുപോത്തിനെ വെടിവെച്ച് കൊന്നുവെന്നും ഇയാൾ സമ്മതിക്കുന്നു. ഇതോടെ വനം വകുപ്പും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യും.

ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാർട്ടി സംബന്ധിച്ചുള്ള ചർച്ചകളാണ്. കൊച്ചി, മൂന്നാർ, മാരാരിക്കുളം, കുമ്പളം ചാത്തമ്മ എന്നിവിടങ്ങളിൽ സൈജു ലഹരി പാർട്ടികൾ നടത്തിയതായാണ് ഫോണിലെ ഫോട്ടോകളിൽനിന്നും വീഡിയോകളിൽ നിന്നും കണ്ടെത്തിയത്. എം.ഡി.എം.എ., ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്.

അപകടം നടന്ന ഒക്ടോബർ 31-നു ശേഷം നവംബർ ഏഴു മുതൽ ഒമ്പതുവരെയുള്ള തീയതികളിൽ ഗോവയിൽ പോയി സൈജു പാർട്ടിയിൽ പങ്കെടുത്തു. ഇതിന്റെ 11 വീഡിയോകൾ അന്വേഷണ സംഘത്തിനു കിട്ടി.

ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി, റെസ്റ്റോറന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കൂടാതെ തിരുവനന്തപുരത്ത് പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയുടെ പരാതിയിൽ സൈജുവിനെതിരേ കേസുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

സ്ത്രീകളെ അപമാനിച്ചു

ഒരു സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തി. ചിലവന്നൂരിലെ ഫ്ലാറ്റിൽ 2020 സെപ്റ്റംബർ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്ലാറ്റിൽ നടന്ന പാർട്ടിയിൽ അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച്‌ കാക്കനാട്ടെ ഫ്ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്ടർ അടക്കം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.

അപകടദിന രാത്രിയിലും പാർട്ടി

അപകടത്തിനു ശേഷവും സൈജു ഡി.ജെ. പാർട്ടിയിൽ പങ്കെടുത്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അപകടം നടന്ന് അര മണിക്കൂറിനു ശേഷമായിരുന്നു പാർട്ടിയിൽ പങ്കെടുത്തത്. രാത്രി 12.30-നായിരുന്നു അപകടം. ഒരു മണിക്കുള്ള പാർട്ടിയിൽ സൈജു പങ്കെടുത്തതായാണ് വിവരം.

റോയിയുടെ ജാമ്യം റദ്ദാക്കാൻ ശ്രമം

കേസിലെ രണ്ടാം പ്രതി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാൽ, റോയി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. റോയിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം ജില്ലാ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

അപകട കാരണം സൈജു പിന്തുടർന്നത് - കമ്മിഷണർ

കൊച്ചി: മോഡലുകളടക്കം വാഹനാപകടത്തിൽ മരിക്കാൻ കാരണം സൈജു തങ്കച്ചൻ ഇവരെ കാറിൽ പിന്തുടർന്നതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സൈജു ലഹരിക്കടിമയാണെന്നും ഇയാളുടെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights : Investigation Update on Kerala Models' death case