കൊച്ചി: ഏറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗതാഗത മേഖലയിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (കെ.എം.ടി.എ.) ബില്ലിന് അനുമതി ലഭിക്കുന്നത്. രാജ്യത്തിനാകെ പുതുമയാണിത്. അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അതോറിറ്റി രൂപവത്കരണം ഇനി വേഗത്തിൽ നടപ്പാക്കുമെന്ന് അധികൃതർ പറയുന്നു.

ഗതാഗതവകുപ്പ് മന്ത്രി ചെയർമാനായാണ് അതോറിറ്റി രൂപവത്കരിക്കുക. ഗതാഗതവകുപ്പ് സെക്രട്ടറി വൈസ് ചെയർമാനായിരിക്കും. അതോറിറ്റിയിലേക്കുള്ള മറ്റംഗങ്ങളെ തിരഞ്ഞെടുക്കണം. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് അതോറിറ്റിയിൽ പ്രാതിനിധ്യമുണ്ടാകും.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിങ്ങനെ മൂന്നിടങ്ങളിലാണ് തുടക്കത്തിൽ അതോറിറ്റി രൂപവത്കരിക്കാൻ ലക്ഷ്യമിടുന്നത്. ഈ ജില്ലകളിൽ അതോറിറ്റിയുടെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങൾ സർക്കാർ നിശ്ചയിക്കും.

ഏകീകൃത ഗതാഗത പദ്ധതി

മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പിലാകുന്നതോടെ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിക്കും. 20 വർഷത്തെ വികസനം മുൻകൂട്ടിക്കണ്ട് ഏകീകൃത ഗതാഗത പദ്ധതി തയ്യാറാക്കും. ഓരോ അഞ്ചു വർഷവും ഈ ഗതാഗത പദ്ധതി പുതുക്കണമെന്ന് കെ.എം.ടി.എ. ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൊബിലിറ്റി ഹബ്ബും ചരക്ക് ഹബ്ബുമെല്ലാം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഭാഗമായി രൂപവത്കരിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗതാഗത നിയന്ത്രണം സാധ്യമാക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനം, ഓപ്പറേഷൻ കൺട്രോൾ സെന്റർ എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കാകും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾ ട്രാൻസ്പോർട്ട് അതോറിറ്റിക്കു കീഴിൽ ഒരുമിപ്പിക്കും.

ഉംട്ടയിൽ നിന്ന്

ഏകീകൃത മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (ഉംട്ട) രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ 2013-ൽ തുടങ്ങിയതാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ ചെയർമാനായി 2013 ജൂണിലാണ് ഉംട്ട രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കിയത്.

കൊച്ചിയെ മാത്രം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പിന്നീടാണ് കെ.എം.ടി.എ. എന്ന രീതിയിലേക്ക് മാറുന്നത്. 2014-ൽ കെ.എം.ടി.എ. എന്ന പേരിൽ ബിൽ തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പൊതുജനങ്ങളിൽനിന്നും വിദഗ്ദ്ധരിൽനിന്നുമെല്ലാം അഭിപ്രായം സമാഹരിച്ചാണ് കെ.എം.ടി.എ. ബില്ലിന് അന്തിമ രൂപമാക്കിയിരിക്കുന്നത്. തുടക്കം മൂന്ന് ജില്ലകളിലാണെങ്കിലും പിന്നീട് കൂടുതൽ ജില്ലകൾ ഇതിലേക്ക് കൂട്ടിച്ചേർക്കാനാകും.

വിദേശ മാതൃകകളും

വിദേശ മാതൃകകൾ അടിസ്ഥാനമാക്കിയാണ് കെ.എം.ടി.എ.യ്ക്ക് അന്തിമ രൂപം നൽകിയിരിക്കുന്നത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി, ബോസ്റ്റണിലെ മെട്രോപൊളിറ്റൻ ബേ ട്രാൻസ്പോർട്ട് അതോറിറ്റി തുടങ്ങിയവയെല്ലാം ഇതിൽ മാതൃകയാക്കിയിട്ടുണ്ട്.

Content Highlights: kerala metropolitan transport authority bill approved