കൊല്ലം : ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന മൂന്ന് പ്രത്യേക തീവണ്ടികൾ കേരളത്തിന് അനുവദിച്ചേക്കും. തിരുവനന്തപുരം-ഡൽഹി കേരള എക്സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളുമാണ് തുടങ്ങുന്നത്. അടുത്തയാഴ്ച തീവണ്ടികൾ ഓടിത്തുടങ്ങാനാണ് ആലോചന. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് അറിയുന്നത്.
രാജ്യത്ത് 86 പ്രത്യേക തീവണ്ടികൾ അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. സംസ്ഥാനത്തിനകത്ത് ഓടുന്ന ജനശതാബ്ദിയും വേണാടും റദ്ദാക്കാനെടുത്ത തീരുമാനവും വിവാദമായി. പരാതിയെ തുടർന്ന് റദ്ദാക്കൽ പിൻവലിച്ചെങ്കിലും പുതിയ തീവണ്ടികൾ അനുവദിച്ചില്ല. സംസ്ഥാനം ആവശ്യപ്പെടുകയും 25 ശതമാനത്തിലേറെ യാത്രക്കാരുണ്ടാവുകയും ചെയ്താൽ കൂടുതൽ തീവണ്ടികൾ ഓടിക്കാമെന്ന നിലപാടിലാണ് റെയിൽവേ. സംസ്ഥാനം ആവശ്യപ്പെട്ടാൽ തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.
കേരളത്തിൽ സർവീസ് നടത്തുന്ന തീവണ്ടികൾ കാലിയായി ഓടുന്ന സാഹചര്യമുണ്ട്. എന്നാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ പല തീവണ്ടികളിലും എ.സി. കോച്ചുകളിലൊഴികെയുള്ള റിസർവേഷൻ നില, വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്നുണ്ട്.
സ്റ്റോപ്പുകൾ കൂട്ടണം
പുതിയ പ്രത്യേക തീവണ്ടികൾ തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി സംസാരിച്ചു. മൂന്ന് തീവണ്ടികൾ ഒരാഴ്ചയ്ക്കകം തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രത്യേക തീവണ്ടികൾക്ക് സ്റ്റോപ്പുകൾ കുറവായതാണ് കേരളത്തിൽ യാത്രക്കാർ തീരെ കുറയാൻ കാരണം. കൂടുതൽ സ്റ്റേഷനുകളിൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചാൽ സ്റ്റോപ്പുകളുടെ എണ്ണം കൂട്ടാം. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം.
-പി.കെ.കൃഷ്ണദാസ്, ചെയർമാൻ,
പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി.