തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങളും അട്ടിമറിനീക്കവുമെല്ലാം ആസൂത്രിതമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണിയോഗത്തിൽ. മതേതരനിലപാട്, ജനക്ഷേമപദ്ധതികൾ, വികസനകാഴ്ചപ്പാട്-ഇതാണ് വോട്ടായി മാറിയത്. ഈ വിജയം ഇടതുമുന്നണിക്കുള്ള ജനകീയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചാനൽസർവേയിൽ സർക്കാരിനുള്ള ഉയർന്ന ജനാംഗീകാരം ബോധ്യപ്പെട്ടപ്പോഴാണ് ആസൂത്രിതനീക്കം തുടങ്ങിയത്. ഇതിനുപിന്നാലെ ആരോപണങ്ങൾ ഒന്നൊന്നായി ഉയർന്നു. യു.ഡി.എഫും ബി.ജെ.പി.യും ഒന്നിച്ചായിരുന്നു നടത്തിയത്. സ്വർണക്കടത്തിൽ അന്വേഷണംവേണമെന്ന് സർക്കാരാണ് ആവശ്യപ്പെട്ടത്. എന്നാൽ, അത് മറയാക്കി ഫെഡറൽ സംവിധാനംപോലും തകർക്കുന്ന ഇടപെടലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായത്.

ക്ഷേമപെൻഷൻ അടക്കമുള്ള ജനക്ഷേമ ഇടപെടൽ വലിയ ആശ്വാസം ജനങ്ങൾക്കുണ്ടാക്കി. ജനങ്ങൾക്ക് നേരിട്ട് അനുഭവസ്ഥമാകുന്ന വികസനമുണ്ടായി. ഈ കാരണങ്ങളാലാണ് ആരോപണങ്ങളെ തള്ളി ജനങ്ങൾ ഇടതുപക്ഷത്തെ ജയിപ്പിച്ചത്. അത് നിലനിർത്തി മുന്നേറാൻ ഇടതുപക്ഷത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഓരോ ഘടകകക്ഷിനേതാക്കളും സമാനമായ രീതിയിൽ സംസാരിച്ചു.

അധ്യക്ഷതീരുമാനം ജില്ലാതലത്തിൽ

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദവി ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാതലത്തിൽ തീരുമാനിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ എൽ.ഡി.എഫ്. യോഗത്തിൽ നിർദേശിച്ചു. ജില്ലാപഞ്ചായത്ത്-കോർപ്പറേഷൻ അധ്യക്ഷപദവി സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കണമെന്ന് എൽ.ജെ.ഡി.യാണ് യോഗത്തിൽ ഉന്നയിച്ചത്. ജനതാദൾ(എസ്) നേതാക്കളും ഇതിനോടു യോജിച്ചു.

മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിന് എൽ.ഡി.എഫ്. യോഗം അംഗീകാരം നൽകി. കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഇടതുപക്ഷം കൂടുതൽ രംഗത്തിറങ്ങണമെന്നാണ് മറ്റൊരു തീരുമാനം. ഇടതുപക്ഷ കർഷകസംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സമരം നടക്കുന്നുണ്ട്. ഇത് പ്രധാനവിഷയമായി ഉയർത്താൻ 23-ന് മുഖ്യമന്ത്രി സമരപ്പന്തലിലെത്തി ആ ദിവസത്തെ സമരം ഉദ്ഘാടനംചെയ്യും. എൽ.ഡി.എഫ്.നേതാക്കളെല്ലാം സമരത്തിന്റെ ഭാഗമാകാനും യോഗം തീരുമാനിച്ചു.

തിരഞ്ഞെടുപ്പുവിജയം കേക്ക് മുറിച്ച് ആഘോഷിച്ചു

തിരഞ്ഞെടുപ്പിലെ വിജയം ഇടതുമുന്നണി നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു. എൽ.ഡി.എഫ്. യോഗത്തിനുമുമ്പായി എ.കെ.ജി. സെന്ററിലായിരുന്നു ആഘോഷം.

യോഗത്തിന് ഘടകകക്ഷി നേതാക്കളെത്തുമ്പോൾ എ.കെ.ജി. സെന്ററിൽ കേക്ക് തയ്യാറായിരുന്നു. സ്കറിയ തോമസായിരുന്നു കേക്കിന്റെ ആസൂത്രകൻ. അദ്ദേഹം കേക്കുമായാണ് എ.കെ.ജി. സെന്ററിലെത്തിയത്. എല്ലാ നേതാക്കളുമെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചു. ആദ്യവിഹിതം കോടിയേരി ബാലകൃഷ്ണനുനൽകി.

Content Highlights: Kerala Local Body Election 2020, Pinarayi Vijayan