തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ചപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ക്രൂരമായി വളഞ്ഞിട്ടാക്രമിക്കുന്നു. തോൽവിയുടെ പൂർണമായ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു -അദ്ദേഹം പറഞ്ഞു.

‘‘മാധ്യമങ്ങൾ എന്നെ, മാൻപേടയെ ചെന്നായ്ക്കൾ എന്നപോലെയാണ് ആക്രമിക്കുന്നത്. ഞാനതിന് എന്തു തെറ്റുചെയ്തു. എന്റെ സമീപനങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടോ? ചൂണ്ടിക്കാണിച്ചാൽ തിരുത്താം. വിജയിച്ചപ്പോൾ നിങ്ങളൊരു ക്രെഡിറ്റും എനിക്കുതന്നില്ല. പരാജിതനെ അന്വേഷിച്ച് നടക്കുന്നതെന്തിനാണ്?’’ -മുല്ലപ്പള്ളി ചോദിച്ചു.

തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായിട്ടില്ലെന്നാണ് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷനേതാവും പറഞ്ഞിരുന്നത്. രാഷ്ട്രീയകാര്യസമിതി യോഗത്തിലും ഈ നിലപാട് ആവർത്തിച്ചെങ്കിലും മറ്റംഗങ്ങൾ രൂക്ഷവിമർശനമുയർത്തി. ഇതേത്തുടർന്നാണ് വീഴ്ച സമ്മതിക്കാൻ മുല്ലപ്പള്ളി തയ്യാറായത്. കോൺഗ്രസ് സ്ഥാനാർഥികളുടെ സാമ്പത്തിക ഞെരുക്കവും പരാജയത്തിനു കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

‘‘എല്ലാവരും സഹായിച്ചാലേ പണമുണ്ടാകൂ. എന്റെ നിസ്സഹായാവാസ്ഥ ഞാൻ എത്രതവണ പറഞ്ഞതാണ്’’ -അദ്ദേഹം ചോദിച്ചു.

നിയമസഭയിൽ മിന്നുന്ന വിജയം നേടും

നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടുമെന്ന് മുല്ലപ്പള്ളി അവകാശപ്പെട്ടു. സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒട്ടേറെ അഴിമതികൾ വെളിച്ചത്തുകൊണ്ടുവന്നു. ദൗർഭാഗ്യവശാൽ ആ സന്ദേശം ജനങ്ങളിലെത്തിക്കാനും ചർച്ചയാക്കാനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിൽ പൊതുരാഷ്ട്രീയം ചർച്ചചെയ്തതേയില്ല. അതേപ്പറ്റി പാർട്ടി അന്വേഷിക്കും.

അത് കെ.പി.സി.സി.യുടെ പരാജയം മാത്രമാണെന്നു പറയുന്നതിൽ അർഥമില്ല. പരാജയകാരണങ്ങൾ പരിശോധിക്കാൻ ജനുവരി ആറ്, ഏഴ് തീയതികളിൽ എം.പി.മാർ, എം.എൽ.എ.മാർ, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരെക്കൂടി ഉൾപ്പെടുത്തി വിപുലമായ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. 23, 24, 26 തീയതികളിൽ വിവിധ ജില്ലകളിൽ ഫലം അവലോകനം ചെയ്യും.

തിരഞ്ഞെടുപ്പിൽ 2015-നേക്കാൾ നേട്ടമുണ്ടായിട്ടുണ്ട്. എന്നാൽ, പ്രതീക്ഷിച്ച വിജയം നേടാനായില്ല. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് ജോസ് പക്ഷം വിട്ടുപോയതു മാത്രമല്ല തിരിച്ചടിക്കു കാരണം. അവിടെ പരമ്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായി. എന്നാലത് പുറത്തുപറയുന്നില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും നേടിയപ്പോൾ കൂട്ടായ വിജയമെന്നാണ് അന്നു താൻ പറഞ്ഞത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം കെ.പി.സി.സി. പ്രസിഡന്റ് എന്നനിലയിൽ താൻ ഏറ്റെടുക്കുന്നു. വീഴ്ച മറ്റാരുടെയുംമേൽ കെട്ടിവെക്കാനില്ല -മുല്ലപ്പള്ളി പറഞ്ഞു.

ആർ.എം.പി.ക്ക് ഓർമകൾ ഉണ്ടായിരിക്കണം

പരാജയത്തിന് മുല്ലപ്പള്ളിയെ കുറ്റപ്പെടുത്തിയ ആർ.എം.പി.ക്കും അദ്ദേഹം മറുപടിനൽകി. ‘‘മറ്റാർക്കും തന്നെ കുറ്റപ്പെടുത്താം. എന്നാൽ, കൊച്ചുകൊച്ചു കാര്യങ്ങളുടെ പേരിൽ ആർ.എം.പി.ക്ക് അതു ചെയ്യാനാവില്ല. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകമായി രാജ്യത്ത് ചർച്ചയാക്കാൻ ഞാനെടുത്ത റിസ്‌ക് വലുതാണ്. മറക്കരുത്. ഓർമകൾ ഉണ്ടായിരിക്കണം’’ -അദ്ദേഹം പറഞ്ഞു.

Content Highlights; Kerala Local Body Election 2020, Mullappally ramachandran