തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാനാവാതിരുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. എന്നാൽ, പല ജില്ലകളിലും ബി.ജെ.പി.ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള വോട്ടുകൾക്കു പിന്നിൽ ‘രഹസ്യധാരണ’ ഉണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

കോൺഗ്രസ്-ബി.ജെ.പി. ധാരണ ഇതിൽ പ്രധാനമായിരുന്നു. ഇതേക്കുറിച്ച് ജില്ലാതലത്തിൽ പരിശോധിക്കാൻ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

അഴിമതിയെക്കാൾ അനുഭവം വോട്ടായി എന്നതാണ് ഇടതുമുന്നണിയുടെ വിജയത്തിനു കാരണമായി സി.പി.ഐ. എത്തിയ നിഗമനം. മുന്നണി ജനങ്ങൾക്കു നൽകിയ വാഗ്ദാനം പാലിച്ചത് വിശ്വാസമാർജിക്കാൻ ഇടയാക്കി. ക്ഷേമ-വികസന പ്രവർത്തനങ്ങൾ അവർക്ക് നേരിട്ട് അനുഭവിക്കുന്ന വിധമായി. രാഷ്ട്രീയ തർക്കങ്ങളെക്കാൾ ഇത്തരം കാര്യങ്ങളാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നതെന്ന് യോഗം വിലയിരുത്തി.

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം ലീഗിനു ഗുണം ചെയ്തപ്പോൾ കോൺഗ്രസിനു തിരിച്ചടിയായെന്നാണു വിലയിരുത്തിയത്. കോൺഗ്രസിന്റെ മതേതര മുഖം വെൽഫെയർപാർട്ടി ബന്ധം ഇല്ലാതാക്കി. ഇത് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് എതിരാക്കി.

ജോസ് സഹായിച്ചു

മധ്യകേരളത്തിൽ ഇടതുമുന്നണിക്കു മുന്നേറ്റമുണ്ടാക്കാനായതിൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഏറെ സഹായകമായി. ജില്ല-ബ്ലോക്ക്-ഗ്രാമതലത്തിൽ സി.പി.ഐ.ക്ക് വോട്ടും സീറ്റും കൂട്ടാനായതു നേട്ടമായെന്നും എക്‌സിക്യൂട്ടീവ് വിലയിരുത്തി.

Content Highlights: Kerala Local Body Election 2020, CPI