തിരുവനന്തപുരം : കഴിഞ്ഞതവണ ലഭിച്ച പഞ്ചായത്തുകളുടെ എണ്ണം പറഞ്ഞ് പരാജയത്തെ ന്യായീകരിക്കുമ്പോൾ നിയമസഭയിൽ എം.എൽ.എ.മാരുടെ എണ്ണം 47-ൽ നിന്ന് 57 ആയാൽ മതിയോയെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ചോദ്യം. പരാജയം മറച്ചുവെച്ചിട്ടു കാര്യമില്ല. പത്രസമ്മേളനത്തിൽ ന്യായീകരണം പറയേണ്ടി വരാം. എന്നാൽ, പാർട്ടി നേതൃയോഗത്തിൽ പത്രസമ്മേളനത്തിലെ വാദങ്ങൾ പറഞ്ഞ് തങ്ങളെ വിഡ്ഢികളാക്കാൻ നോക്കുകയാണോയെന്നും യോഗത്തിൽ ചോദ്യമുയർന്നു. വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് ചർച്ചയിൽ ശക്തമായി പ്രതികരിച്ചത്.

സർക്കാർവിരുദ്ധ വികാരം താഴെത്തട്ടിലെത്തിക്കാനായില്ലെന്ന നേതൃത്വത്തിന്റെ വിശദീകരണത്തെ, അവ താഴെത്തട്ടിലെത്തിക്കാൻ എന്തു ചെയ്തുവെന്ന മറുചോദ്യം ഉന്നയിച്ച് വിഷ്ണുനാഥ് നേരിട്ടു. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. എൽ.ഡി.എഫിലേക്ക് രണ്ടു പാർട്ടികൾ പോയതിനാലാണ് വലിയ വിജയം അവർക്കുണ്ടായതെന്ന വാദം ശരിയല്ല. അങ്ങനെയങ്കിൽ ഇടതുമുന്നണിക്ക് ഇതിൽക്കൂടുതൽ വിജയം ഉണ്ടാകുമായിരുന്നു. രണ്ടു കക്ഷികൾ പോയതാണ് പ്രധാന കാരണമെങ്കിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിട്ട തിരിച്ചടിക്ക് ജോസ് കെ. മാണി അല്ലല്ലോ കാരണമെന്നും അംഗങ്ങൾ ചോദിച്ചു.

എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ടു കാര്യമില്ലെന്ന് വി.ഡി. സതീശനും ഷാനിമോൾ ഉസ്മാനും പറഞ്ഞു. താഴെത്തട്ടു മുതൽ പുനഃസംഘടന വേണമെന്ന് കെ. സുധാകരൻ പറഞ്ഞു. സ്ഥാനാർഥികളെ നിശ്ചയിച്ചത് ഗ്രൂപ്പടിസ്ഥാനത്തിലാണെന്ന് പി.ജെ. കുര്യൻ പറഞ്ഞു. പണമില്ലായ്മയും പ്രശ്‌നമായി. ന്യൂനപക്ഷ വിഭാഗങ്ങളിൽ വോട്ടുചോർച്ചയുണ്ടായി. മത്സരം രാഷ്ട്രീയമായാൽ തിരിച്ചടിയാകുമെന്നു കണ്ട് ക്രിസ്ത്യൻ മേഖലകളിൽ മെഴുകുതിരിയും ഹിന്ദു മേഖലകളിൽ ശംഖും ചിഹ്നമാക്കി വരെ പലയിടത്തും സി.പി.എം. മത്സരം അരാഷ്ട്രീയമാക്കിയെന്നും അംഗങ്ങൾ പറഞ്ഞു.

ഭരണവിരുദ്ധ വികാരം യു.ഡി.എഫിനും ബി.ജെ.പി.ക്കുമായി പങ്കിട്ടുപോകരുതായിരുന്നു. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതിൽ മുന്നിട്ടുനിൽക്കണം. ഐക്യത്തോടെ നിന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനാകുമെന്നും അംഗങ്ങൾ പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് വിചാരിച്ചിരുന്നെങ്കിൽ വെൽഫയർ പാർട്ടി, ആർ.എം.പി. പ്രശ്നങ്ങൾ ഇത്ര വലുതാകുമായിരുന്നില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.

Content Highlights: Kerala Local Body Election 2020, Congress