തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടാത്തതിലെ നിരാശയും അതൃപ്തിയും പുകഞ്ഞ് ബി.ജെ.പി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം കടുത്ത പ്രതിഷേധം ഉയർത്തുന്നു. എന്നാൽ, ഇതിന്റെ പേരിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ യുദ്ധമുഖം തുറക്കാൻ പി.കെ. കൃഷ്ണദാസ് വിഭാഗം തയ്യാറല്ല. സുരേന്ദ്രനെതിരേ ദേശീയ നേതൃത്വത്തിനു കത്തയച്ചിട്ടില്ലെന്നും അത്തരം നീക്കത്തിന് ഉദ്ദേശിക്കുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

യു.ഡി.എഫ്. വോട്ട് ഇടതുമുന്നണിക്കു മറിഞ്ഞുവെന്ന പ്രാഥമിക വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. മൂവായിരം വാർഡുകളിലെങ്കിലും ആധിപത്യം ഉറപ്പിക്കാം എന്നായിരുന്നു ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. എന്നാൽ 2015-ൽ നേടിയ 1234 എന്ന സംഖ്യയിൽനിന്നു വാർഡുകളുടെ എണ്ണം 1600-ൽ എത്തിക്കാനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരം കോർപ്പറേഷനിൽ അമിത വിജയപ്രതീക്ഷയുണ്ടായിട്ടും 2015-ലേതിനെക്കാൾ മികച്ച നേട്ടമുണ്ടായതുമില്ല. ഈ ആഘാതത്തിനൊപ്പം സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പരാജയവും കനത്ത പ്രഹരമായി.

വോട്ട് ശതമാനത്തിലും പാർട്ടിക്കു കുറവുണ്ടായി. 2016 നിയമസഭാ തിരഞ്ഞെടുപ്പൽ 14.96, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 15.64, എന്നിങ്ങനെയായിരുന്നു എൻ.ഡി.എ.യുടെ വോട്ടുശതമാനം. ഇപ്രാവശ്യമത് 14.52 ശതമാനമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സിറ്റിങ് സീറ്റായ നേമത്ത് ഒന്നാമതെത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിടത്ത് രണ്ടാംസ്ഥാനത്ത് എത്തിയത് ഇപ്രാവശ്യം നാലായി ചുരുങ്ങി. മലമ്പുഴ, പാലക്കാട്, ചാത്തന്നൂർ മണ്ഡലങ്ങളിലെ രണ്ടാംസ്ഥാനം മൂന്നിലേക്കു താഴ്ന്നു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്ത് തുടർന്നു.

ഭരണം പിടിച്ച പഞ്ചായത്തുകളുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ നാലിലൊന്നുപോലും തികയ്ക്കാനാവാത്തതും പോരായ്മയായി. ഉടൻ ചേരാനിരിക്കുന്ന നേതൃയോഗങ്ങളിൽ ഇതൊക്കെ നേതൃത്വത്തിനെതിരേ കടുത്ത വിമർശനത്തിനു കാരണമായേക്കും. സംസ്ഥാന പ്രസിഡന്റ് കാര്യമായി അധ്വാനിച്ചെങ്കിലും പലപ്പോഴും കൂടിയാലോചനകളുടെ കുറവുണ്ടായെന്ന് ഒരു വിഭാഗം വിമർശനമുയർത്തുന്നു.

ശോഭയടക്കമുള്ള പല മുതിർന്ന നേതാക്കളെയും നേതൃത്വം അകറ്റിനിർത്തുന്നുവെന്ന പരാതി പാർട്ടിയിലുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കാനിറങ്ങിയ പാർട്ടി വലിയ സ്വാധീനമുള്ള നേതാക്കളുമായി ഒരു ആലോചനകളും നടത്തിയിട്ടില്ലെന്നും വിമർശനമുണ്ട്.

ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ചത് എടുത്തുപറയേണ്ടതാണ്. എന്നാൽ, ദേശീയ അന്വേഷണ ഏജൻസികളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ സർക്കാരിനെതിരേ കടുത്ത ആക്രമണം നടത്തിയത് സി.പി.എമ്മിൻറെ ആരോപണങ്ങളെ ശരിവെച്ചെന്ന വിമർശനവും പാർട്ടിയിലുണ്ട്.

Content Highlights: Kerala Local Body Election 2020, BJP