അന്നമനട: പഞ്ചായത്ത്‌ അംഗത്വം നിലനിർത്താനും തിരിച്ചുപിടിക്കാനുമായി സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിന് അഞ്ചുവർഷമായിട്ടും വിധിയായില്ലെങ്കിലും ജനകീയകോടതി വിധിപറഞ്ഞു; രവിനമ്പൂതിരിക്കും ബൈജുവിനും വിജയം. ഇരുവരും അന്നമനട പഞ്ചായത്തംഗങ്ങളായി തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്തു.

2015-ലെ തിരഞ്ഞെടുപ്പ് ജയത്തെ ചൊല്ലിയുള്ള തർക്കമാണ് വിഷയം. അന്നമനട ടൗൺ വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയായ കെ.കെ. രവി നമ്പൂതിരിക്കും എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എ. ബൈജുവിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് രവിയെ.

എന്നാൽ, രാഷ്ട്രീയക്കേസിൽ ശിക്ഷിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങൾ നാമനിർദേശപത്രികയിൽ സുചിപ്പിച്ചില്ലെന്നാരോപിച്ച് ബൈജു മുൻസിഫ് കോടതിയെ സമിപിച്ചു. പരാതി തള്ളിയതോടെ ജില്ലാകോടതിയിലും ഹൈക്കോടതിയിലും അപ്പീൽ നൽകി. രവിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി.

ഹൈക്കോടതിവിധിയെത്തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചശേഷം രവി നമ്പൂതിരി സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ സാങ്കേതികമായി ഭരണസമിതിയുടെ ഭൂരിപക്ഷം ഇല്ലാതായി. കേസിന്റെ വാദം പൂർത്തിയായി വിധിവരുന്നതുവരെ രവിയുടെ അംഗത്വം സുപ്രീംകോടതി നിലനിർത്തിയെങ്കിലും വോട്ടവകാശവും ആനൂകുല്യങ്ങളും നിഷേധിച്ചിരുന്നു. ഇതും ഭരണസമിതിയെ പ്രതിസന്ധിയിലാക്കി.

ഇതിനിടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. മുഖാമുഖം നിന്നിരുന്നവർ വ്യത്യസ്തവാർഡുകളിലായി മത്സരിച്ചു. നാലാം വാർഡിൽ നിന്ന് 12 വോട്ടിന് രവി നമ്പൂതിരിയും 11-ാം വാർഡിൽനിന്ന് 531 വോട്ടിന് കെ.എ. ബൈജുവും ജയിച്ചു.