തിരുവനന്തപുരം: രാഷ്ട്രീയപ്പാർട്ടികളുടെ നേട്ടവും കോട്ടവും തിട്ടപ്പെടുത്തി തിരഞ്ഞെടുപ്പുകമ്മിഷന്റെ അന്തിമഫലം വന്നപ്പോൾ മുന്നേറ്റത്തിൽ മുമ്പിൽ സി.പി.എമ്മാണ്. തിരിച്ചടിയുടെ കാഠിന്യം ഏറെയും ഏറ്റുവാങ്ങേണ്ടിവന്നത് കോൺഗ്രസിനാണ്. അതേസമയം, ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ സി.പി.എം. പിടിച്ചെടുത്ത വാർഡുകളെക്കാൾ നൂറിലധികം സീറ്റുകൾ ബി.ജെ.പി.ക്ക് നേടാനായിട്ടുണ്ട്.

സി.പി.എം.

കഴിഞ്ഞതവണ നേടിയതിലും 208 വാർഡുകളാണ് സി.പി.എം. ഇത്തവണ അധികം നേടിയത്. ഇത് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലെയും വാർഡുകളുടെ കണക്കനുസരിച്ചാണ്. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനിലും നില മെച്ചപ്പെടുത്താൻ സി.പി.എമ്മിന് കഴിഞ്ഞു. അതേസമയം, മുനിസിപ്പാലിറ്റികളിലെ സീറ്റുകളിൽ നഷ്ടം സംഭവിക്കുകയുംചെയ്തു. 7982 വാർഡുകളിലാണ് കഴിഞ്ഞതവണ സി.പി.എം. ജയിച്ചത്. ഇത്തവണ അത് 8190 ആയി ഉയർന്നു.

സി.പി.ഐ.

മുനിസിപ്പാലിറ്റികളിലടക്കം സീറ്റുനില മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് സി.പി.ഐ.യുടെ നേട്ടം. കഴിഞ്ഞതവണ 102 മുനിസിപ്പാലിറ്റി വാർഡുകളിലാണ് സി.പി.ഐ. ജയിച്ചത്. ഇത്തവണ അത് 113 എണ്ണമായി ഉയർന്നു. അതേസമയം, ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ കുറവുണ്ടായി. കഴിഞ്ഞതവണ 934 ഗ്രാമപ്പഞ്ചായത്ത് വാർഡുകളുണ്ടായിരുന്നത്, ഇത്തവണ 885 ആയി. അതുകൊണ്ട് മൊത്തം നേടിയ തദ്ദേശവാർഡുകളുടെ കണക്കിൽ പത്തെണ്ണത്തിന്റെ വർധന മാത്രമാണ് സി.പി.ഐ.ക്കുള്ളത്. ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽ സി.പി.ഐ., ഐ.എൻ.എൽ., കേരള കോൺഗ്രസ് (ബി.) എന്നീ പാർട്ടികൾക്ക് മാത്രമാണ് മുനിസിപ്പാലിറ്റികളിൽ നില മെച്ചപ്പെടുത്താനായത്.

കോൺഗ്രസ്

233 തദ്ദേശവാർഡുകളാണ് കോൺഗ്രസിന് നഷ്ടമായത്. മുനിസിപ്പാലിറ്റികളിലൊഴികെ ബാക്കി എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന തലത്തിലും കോൺഗ്രസ് പിന്നാക്കംപോയി. മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞതവണ നേടിയവാർഡുകളെക്കാൾ 39 എണ്ണം അധികംനേടാൻ കോൺഗ്രസിന് കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലാണ് നഷ്ടം കൂടുതൽ. കഴിഞ്ഞതവണ 608 ബ്ലോക്ക് വാർഡ് നേടിയ കോൺഗ്രസ്, ഇത്തവണ 479-ലേക്ക് ചുരുങ്ങി. 5784 തദ്ദേശവാർഡുകളാണ് കഴിഞ്ഞതവണ കോൺഗ്രസിന്റെ കണക്കിലുണ്ടായിരുന്നത്. ഇത്തവണ അത് 5551 ആയി കുറഞ്ഞു.

മുസ്‌ലിംലീഗ്

യു.ഡി.എഫിനുണ്ടായ പരാജയം കടുത്തതാകുമ്പോഴും അതിന്റെ പരിക്ക് കാര്യമായി ഏൽക്കാത്ത പാർട്ടിയാണ് മുസ്‌ലിംലീഗ്. മൊത്തം തദ്ദേശവാർഡുകളിൽ ലീഗിന് എണ്ണംകൂടി. കഴിഞ്ഞതവണ 2120 വാർഡുകളുണ്ടായിരുന്നത് ഇത്തവണ 2131 വാർഡുകളായി ലീഗ് ഉയർത്തി. സി.പി.ഐ.ക്കുണ്ടായിരുന്നതിനെക്കാൾ മുന്നേറ്റം ലീഗിന് നടത്താനായി. ഗ്രാമപ്പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും നില മെച്ചപ്പെടുത്താൻ ലീഗിനായി. കോൺഗ്രസിനെ തുണച്ച മുനിസിപ്പാലിറ്റി വോട്ടുകൾ ലീഗിനെ അത്രയ്ക്ക് സഹായിച്ചില്ല. കഴിഞ്ഞതവണ 437 മുനിസിപ്പാലിറ്റി വാർഡുകൾ ലീഗ് നേടിയിരുന്നു. ഇത്തവണ അത് 413 ആയി കുറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ടുസീറ്റിന്റെ നഷ്ടംമാത്രമാണ് ലീഗിനുണ്ടായത്.

ബി.ജെ.പി.

മറ്റൊരു പാർട്ടികൾക്കുമില്ലാത്തവിധം വോട്ടിന്റെയും സീറ്റിന്റെയും തോത് കൂട്ടാനായി എന്നാണ് ബി.ജെ.പി.യുടെ നേട്ടം. ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലും ബി.ജെ.പി.ക്ക് സീറ്റുകൂടിയിട്ടുണ്ട്. ഇതിൽ ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലുമാണ് നല്ലമുന്നേറ്റം പ്രകടമായത്. കഴിഞ്ഞതവണ 905 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ ജയിച്ച ബി.ജെ.പി. ഇത്തവണ അത് 1181 ആയും 235 മുനിസിപ്പാലിറ്റി വാർഡ് 317 ആയും ഉയർത്തി. മൊത്തം തദ്ദേശവാർഡുകളിൽ 1241 എണ്ണമായിരുന്നു കഴിഞ്ഞതവണ ബി.ജെ.പി.ക്കുണ്ടായിരുന്നത്. ഇത്തവണ അത് 1596 ആയി ഉയർന്നു.

ഭിന്നിച്ചപ്പോൾ വിഘടിച്ച കേരള കോൺഗ്രസ് വോട്ടുകൾ

ഒന്നായിരുന്ന കേരള കോൺഗ്രസ് (എം) രണ്ടായിമാറിയപ്പോൾ കേരള രാഷ്ട്രീയത്തിൽ വലിയ ചലനമാണുണ്ടായത്. മധ്യകേരളത്തിൽ ഇടതിന് ആധിപത്യം നേടിക്കൊടുക്കാനായി. എന്നാൽ, കേരള കോൺഗ്രസ് സീറ്റുകളിൽ കുറവുണ്ടായി എന്നതാണ് തിരഞ്ഞെടുപ്പിന്റെ അന്തിമകണക്ക് നൽകുന്ന ചിത്രം. കേരള കോൺഗ്രസ് (എം) യു.ഡി.എഫിൽ ഒറ്റപ്പാർട്ടിയായിരുന്നപ്പോൾ 630 തദ്ദേശവാർഡുകളാണ് നേടിയത്. ജോസ്-ജോസഫ് വിഭാഗങ്ങളായി ഇത് രണ്ടു മുന്നണിയിലായപ്പോൾ ഇരുവിഭാഗവുംകൂടി നേടിയത് 610 വാർഡുകളാണ്.

ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളിൽ മാത്രമാണ് വാർഡുകളുടെ എണ്ണംകൂടിയത്. ഗ്രാമപ്പഞ്ചായത്തുകളിൽ 456 വാർഡുകൾ നേരത്തേയുണ്ടായിരുന്നു. ഇത്തവണ ജോസ് 257, ജോസഫ് 178 വാർഡുകളാണ് നേടിയത്. 21 വാർഡുകളുടെ നഷ്ടം. നഗരസഭകളിൽ 85 വാർഡുകളാണ് നേരത്തേയുണ്ടായിരുന്നത്. ഇത്തവണ ജോസ് വിഭാഗം 36, ജോസഫ് വിഭാഗം 34 എന്നിങ്ങനെ നേടി. പത്തുസീറ്റുകളുടെ നഷ്ടം.

ഉലഞ്ഞുപോകാതെ സി.എം.പി.യും ആർ.എസ്.പി.യും

വലതുപക്ഷത്തെ പ്രധാന ഇടതുപാർട്ടികളാണ് സി.എം.പി.യും ആർ.എസ്.പി.യും. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ അരവിന്ദാക്ഷൻ-സി.പി. ജോൺ വിഭാഗങ്ങളായി രണ്ടുമുന്നണിയിലായായിരുന്നു സി.എം.പി. ഉണ്ടായിരുന്നത്. അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചപ്പോൾ സി.എം.പി. ഒറ്റപ്പാർട്ടിയായി യു.ഡി.എഫ്. പക്ഷത്തായി. ജില്ലാപഞ്ചായത്തിൽ ഒഴികെ മറ്റെല്ലാം തദ്ദേശവാർഡുകളിലും സാന്നിധ്യമുറപ്പിക്കാനായി എന്നതാണ് സി.എം.പി.യുടെ നേട്ടം. ഗ്രാമപ്പഞ്ചായത്തിൽ രണ്ടും ബ്ലോക്ക്, കോർപ്പറേഷൻ വാർഡുകളിൽ ഒരോന്നുവീതവും മുനിസിപ്പാലിറ്റികളിൽ രണ്ടു വാർഡും സി.എം.പി. നേടി. ആർ.എസ്.പി.ക്ക് ക്ഷീണമുണ്ടായെങ്കിലും പിടിച്ചുനിൽക്കാനായി. എല്ലാ തദ്ദേശസ്ഥാപന തലത്തിലും ആർ.എസ്.പി.ക്ക് സീറ്റുണ്ട്. മൊത്തം 51 വാർഡുകളിലാണ് ആർ.എസ്.പി. ജയിച്ചത്.

വെൽഫെയർപാർട്ടിയും എസ്.ഡി.പി.ഐ.യും

സംസ്ഥാനത്താകെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ഉയർന്നുകേട്ട പേരാണ് വെൽഫെയർപാർട്ടി. ഇടത്-വലത് മുന്നണി നേതാക്കൾക്ക് പലതവണ ഉച്ചരിക്കേണ്ടിവന്ന രാഷ്ടീയപ്പാർട്ടിയുടെ പേരും അതാണ്. വെൽഫെയർപാർട്ടി ബന്ധം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെങ്കിൽ, വോട്ടുബാങ്കിൽ അതിനൊത്ത വളർച്ച ആ പാർട്ടിക്കുണ്ടായിട്ടില്ല. സംസ്ഥാനത്താകെ 27 വാർഡുകളിലാണ് വെൽഫെയർപാർട്ടി ജയിച്ചത്. ഇതിൽ 22 ഗ്രാമപ്പഞ്ചായത്ത് വാർഡുകളും അഞ്ച് മുനിസിപ്പാലിറ്റി വാർഡുകളുമാണ്.

മുന്നണി കൂട്ടുകെട്ടില്ലാതെ ഒറ്റയ്ക്കുമുന്നേറുന്ന സൂചനയാണ് എസ്.ഡി.പി.ഐ.യുടെ വോട്ടുകണക്ക് നൽകുന്നത്. കഴിഞ്ഞതവണ നേടിയ 40 വാർഡുകളിൽനിന്ന് 95 വാർഡുകളിലേക്ക് നില മെച്ചപ്പെടുത്താൻ അവർക്കായി. ജില്ലാപഞ്ചായത്ത് തലത്തിലൊഴികെ എസ്.ഡി.പി.ഐ.ക്ക് സീറ്റുണ്ട്. 75 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും 18 മുനിസിപ്പാലിറ്റി സീറ്റിലും അവർ വിജയിച്ചു. ബ്ലോക്ക്-കോർപ്പറേഷനുകളിൽ ഓരോ സീറ്റുവീതമുണ്ട്.

ഗ്രാമ-ബ്ലോക്ക്-ജില്ല-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ എന്നീ ക്രമത്തിൽ പാർട്ടികൾ വാർഡുകളുടെ എണ്ണത്തിൽ നേടിയ നേട്ടവും നഷ്ടവും.

സി.പി.എം. -നേട്ടം 45-നേട്ടം 106-നേട്ടം 12-നഷ്ടം 38- നേട്ടം 7- മൊത്തം നേട്ടം 208

സി.പി.ഐ.- നഷ്ടം 49- നേട്ടം 33- നേട്ടം10-നേട്ടം-11-നേട്ടം4-മൊത്തം നേട്ടം 10

കോൺഗ്രസ് -നഷ്ടം 24-നഷ്ടം 129-നഷ്ടം 25- നേട്ടം 39- നഷ്ടം 16- മൊത്തം നഷ്ടം 233

മുസ്‌ലിംലീഗ്- നേട്ടം 37- നഷ്ടം 2- നഷ്ടം 1- നഷ്ടം 24-നേട്ടം 1- മൊത്തം നേട്ടം 11

ബി.ജെ.പി.- നേട്ടം 206- നേട്ടം 16-നഷ്ടം 1-നേട്ടം 82- നേട്ടം 8- മൊത്തം നേട്ടം 328

Content Highlights: Kerala Local Body Election 2020