മൂലമറ്റം പവർഹൗസ്. കേരളത്തിലെ വൈദ്യുതിവിതരണത്തിന്റെ സിരാകേന്ദ്രം. മൂന്നുമണി കഴിഞ്ഞിരിക്കുന്നു. മഴച്ചാറലുണ്ട്. വാഗമൺ മലനിരകളിൽനിന്ന് കോടമഞ്ഞ് താഴേക്കിറങ്ങുന്നു. എടാട് ഭാഗത്തുനിന്ന് എം.ജെ. ജേക്കബിന്റെ പ്രചാരണവാഹനം വരുന്നു. എന്നും പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിക്കുന്നയാളാണ്. മുൻ കോളേജ് അധ്യാപകൻ. ജില്ലാപഞ്ചായത്ത് മൂലമറ്റം ഡിവിഷനിൽ അദ്ദേഹം നേരിടുന്നത് മുൻ സഹപ്രവർത്തകനും യൂത്ത് ഫ്രണ്ട് നേതാവുമായ കേരള കോൺഗ്രസി(ജോസ്)ലെ റെജി കുന്നംകോട്ടിനെ. പാർട്ടി ജില്ലാ പ്രസിഡന്റുകൂടിയാണ് ജേക്കബ്.

ജോസഫിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായ അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് പാർട്ടിയുടെ അഭിമാനപ്രശ്നമാണ്. ഒരുമിച്ചു പഠിച്ചവർ, ശിഷ്യർ, വ്യക്തിബന്ധങ്ങൾ എന്നിവയും യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടും കൂടിയാകുമ്പോൾ സിറ്റിങ് ഡിവിഷനായ ഇവിടെ അനായാസം ജയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് മൂലമറ്റം. അതുകൊണ്ടുതന്നെ റെജിയെ ജയിപ്പിക്കേണ്ടത് റോഷി അഗസ്റ്റിൻ എം.എൽ.എ.യുടെ അഭിമാനപ്രശ്നംകൂടിയാകുന്നു.

116 കുടുംബയോഗങ്ങളിൽ പങ്കെടുത്തതിൽനിന്ന് മനസ്സിലായത് മികച്ച വിജയം നേടുമെന്നാണെന്ന് റെജി പറയുന്നു. എൽ.ഡി.എഫിന്റെ പ്രചാരണസംവിധാനം പ്രവർത്തിക്കുന്നത് എത്ര ചിട്ടയോടെയാണെന്നും യു.ഡി.എഫിലായിരുന്നപ്പോൾ ഈ രീതി ഒരിക്കലും കണ്ടിട്ടില്ലെന്നും റെജി ചൂണ്ടിക്കാട്ടി.

എലപ്പള്ളി വഴി പുള്ളിക്കാനത്തേക്ക് കയറി. വാഗമൺ റൂട്ടാണ്. അല്പം മുകളിലേക്കു ചെന്നപ്പോൾത്തന്നെ കോടമഞ്ഞിൽ റോഡു കാണാൻ പറ്റാതായി. നൂൽമഴ തുടരുകയാണ്. പുള്ളിക്കാനം എത്തിയാൽ തോട്ടം മേഖല ആരംഭിക്കും. ഇടുക്കിക്ക് ഒരു പ്രത്യേകതയുണ്ട്. ലോറേഞ്ചിലെ സാഹചര്യമായിരിക്കില്ല, ഹൈറേഞ്ചിൽ. അതിലും ഭിന്നമായ സാഹചര്യങ്ങളാകും തോട്ടംമേഖലയിൽ.

അവിടവിടങ്ങളിലായി തൊഴിലാളികളെ കണ്ടു. കോവിഡ് കാലത്തും വലിയ ബുദ്ധിമുട്ടുകളില്ലാതെ പോയ ആശ്വാസത്തിലാണവർ. വാഗമൺ ജില്ലാപഞ്ചായത്തു ഡിവിഷനിലും പൊരിഞ്ഞ മത്സരമാണ്. പെരുവന്താനം പഞ്ചായത്തു പ്രസിഡന്റായിരുന്ന കെ.പി. ബിനുവിനെയാണ് സി.പി.എം. രംഗത്തിറക്കിയിരിക്കുന്നത്. ഉപ്പുതറ ഡിവിഷൻ സി.പി.ഐ.ക്കുനൽകി വാഗമൺ വാങ്ങുകയായിരുന്നു. തോട്ടം തൊഴിലാളി യൂണിയൻ നേതാവുകൂടിയായ ബിനുവിന്റെ വിജയം ഉറപ്പാണെന്ന് സി.പി.എം. വാഗമൺ ലോക്കൽ സെക്രട്ടറി വി. സജീവ് കുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണിയാണ് ശക്തമായ വെല്ലുവിളിയുയർത്തുന്നത്. ചെറുപ്പത്തിന്റെ ആനുകൂല്യമാണ് ബിജോയ്ക്കുള്ളത്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാണെന്നും ജയം ഉറപ്പാണെന്നും ബിജോ പറഞ്ഞു.

പെമ്പിള ഒരുമൈ ഇരുമെയ്യായി

കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് വാർഡുൾപ്പെടെ മൂന്നുസീറ്റുനേടിയ മൂന്നാറിലെ പെമ്പിള ഒരുമൈ വേർപിരിഞ്ഞുപോയതാണ് ഇക്കൊല്ലത്തെ കാഴ്ച. മൂന്നാറിൽ രണ്ടാഴ്ചയോളം നീണ്ട മുല്ലപ്പൂസമരത്തിലൂടെ ദേശീയശ്രദ്ധയാകർഷിച്ച സംഘത്തിന് പിന്നീട് ആ കൂട്ടായ്മ നിലനിർത്താനായില്ല. നേതാക്കളിൽ പ്രമുഖയായിരുന്ന ഗോമതിയാണ് നല്ലതണ്ണി ബ്ലോക്കിലേക്കു ജയിച്ചത്. മൂന്നാർ പഞ്ചായത്തിലും രണ്ടുസീറ്റ് കൂട്ടായ്മയ്ക്കു കിട്ടിയെങ്കിലും കോൺഗ്രസിനെ ഭരണംപിടിക്കാൻ പിന്തുണച്ചു. കാലക്രമേണ ഭിന്നിപ്പുകൾ ഉടലെടുക്കുകയും മിക്കവരും മാതൃസംഘടനകളിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. ജയിച്ചുപോകുന്നവർ മറ്റു പാർട്ടികളെ പിന്താങ്ങുന്നതിനാലാണ് ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നതെന്ന് പെമ്പിള ഒരുമൈ നേതാവ് ലിസി സണ്ണി പറഞ്ഞു. കോവിഡ് കാലത്തും കൊളുന്തിന്റെ നല്ല വിളവുണ്ടായിരുന്നത് തൊഴിലാളികൾക്കു നേട്ടമായി. ‘ലൈഫ് പദ്ധതിയിൽ ഒട്ടേറെപ്പേർക്ക് വീടു കിട്ടിയിരുന്നു. ഭൂരഹിതർക്ക് ഭൂമിനൽകുന്ന പദ്ധതിയിലൂടെ 2300-ഓളം പേർക്ക് സ്ഥലം കിട്ടിയെന്നും തനിക്കും ലഭിച്ചെ’ന്നും ലിസി പറഞ്ഞു. മൂന്നാർ, ദേവികുളം പഞ്ചായത്തിൽ ഇത്തവണ എല്ലാ സ്ഥാനാർഥികളും തമിഴ് വംശജരാണെന്ന പ്രത്യേകതയുമുണ്ട്.

തൊടുപുഴ, കട്ടപ്പന നഗരസഭകൾ

ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന മട്ടിലാണ് തൊടുപുഴയിലെ പോക്ക്. കഴിഞ്ഞതവണയും അങ്ങനെയായിരുന്നു. എട്ടംഗങ്ങളുള്ള ബി.ജെ.പി. നില വളരെ മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ പറയുന്നു. 25 സീറ്റിൽ മത്സരിക്കുന്ന സി.പി.എം. ഒരേയൊരു സീറ്റിലാണ് പാർട്ടിചിഹ്നം ഉപയോഗിക്കുന്നത്. ഏതു സാഹചര്യത്തിലും ഭരണം പിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. കസ്തൂരിരംഗൻ സമരങ്ങളിലൂടെ എൽ.ഡി.എഫിനൊപ്പംനിന്ന ഹൈറേഞ്ച് സംരക്ഷണസമിതി ഇപ്പോൾ രംഗത്തില്ല. യു.ഡി.എഫിന്റെ വോട്ടുകളായിരുന്ന ഇവ തിരിച്ചെത്തുന്നത് കട്ടപ്പന നഗരസഭയിൽ നേട്ടമുണ്ടാക്കുമെന്ന് അവർ കരുതുന്നു.

2015ലെ കക്ഷിനില

ജില്ലാപഞ്ചായത്ത്

യു.ഡി.എഫ്.-11, എൽ.ഡി.എഫ്.-5

നഗരസഭകൾ-4

എൽ.ഡി.എഫ്.-2, യു.ഡി.എഫ്.-2

ബ്ലോക്ക് പഞ്ചായത്തുകൾ-ആകെ 8

യു.ഡി.എഫ്.-7, എൽ.ഡി.എഫ്.-1

ഗ്രാമപ്പഞ്ചായത്തുകൾ-ആകെ 52

എൽ.ഡി.എഫ്.-27

യു.ഡി.എഫ്.-25