തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് ബുധനാഴ്ചവരെ ലഭിച്ചത് 82,810 പത്രികകൾ. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5612, ജില്ലാപഞ്ചായത്തുകളിലേക്ക് 664 പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളിലേക്ക് 9865 പേരും കോർപ്പറേഷനുകളിലേക്ക് 1902 പേരും പത്രിക നൽകിയിട്ടുണ്ട്.

തിരഞ്ഞെടുപ്പുഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ പ്രതിഫലം കൂട്ടി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം കൂട്ടി. പ്രിസൈഡിങ് ഓഫീസർ, കൗണ്ടിങ് സൂപ്പർവൈസർ എന്നിവർക്ക് ദിവസം 600 രൂപവീതം ലഭിക്കും. പോളിങ് ഓഫീസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവർക്ക് 500 രൂപ. പോളിങ് അസിസ്റ്റന്റിന് 400 രൂപ കിട്ടും. ജില്ലാതല മാസ്റ്റർ ട്രെയ്‌നർമാർക്ക് ഒരു സെഷന് 750, ബ്ലോക്കുതല ട്രെയ്‌നർമാർക്ക് 500 എന്നിങ്ങനെ ലഭിക്കും. എല്ലാ ഉദ്യോഗസ്ഥർക്കും ഭക്ഷണച്ചെലവിന് പ്രതിദിനം 250 രൂപയും അനുവദിക്കും.

വോട്ടിങ് യന്ത്രത്തിലെ ലേബലിന്റെയും ബാലറ്റിന്റെയും നിറം

വോട്ടിങ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചു. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് വെള്ളയും ബ്ലോക്കുകളിൽ പിങ്കും ജില്ലാപഞ്ചായത്തുകളിൽ ആകാശനീലയുമാണ് നിറങ്ങൾ. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും വെള്ള.