തിരുവനന്തപുരം:സാക്ഷരതാ മിഷനില്‍ കരാര്‍ നിയമനം നേടിയവരെ ഉയര്‍ന്ന സ്‌കെയിലില്‍ സ്ഥിരപ്പെടുത്താന്‍ നീക്കം. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിനെത്തും.

സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവര്‍ത്തനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ പൂര്‍ണ ചുമതല ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ്. ഇതിന് പുറമേയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ചുമതലയ്ക്കായി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചത്.

സ്ഥിരപ്പെടുത്താൻനോക്കുന്ന തസ്തികകൾ കരാർപ്രകാരം അംഗീകരിച്ചത് 2013-ൽ  

സാക്ഷരതാ മിഷനിൽ സ്ഥിരപ്പെടുത്താൻ പരിഗണിക്കുന്നവർ ജോലിചെയ്യുന്ന ജില്ലാ കോ-ഓർഡിനേറ്റർ, അസി. കോ-ഓർഡിനേറ്റർ തസ്തികകളെ കരാർ തസ്തികകളായി അംഗീകരിച്ചത് 2013-ൽ. ജില്ലാ കോ-ഓർഡിനേറ്റർക്ക് 42,300 രൂപയും അസി. കോ-ഓർഡിനേറ്റർക്ക് 34,600 രൂപയുമാണ് നിലവിലെ ശമ്പളം. 2006-ലാണ് ഈ തസ്തികകൾ സൃഷ്ടിച്ച് നിയമനംനൽകിയത്.

പഞ്ചായത്ത്തലത്തിൽ പ്രേരക്മാർക്കും ബ്ലോക്ക്തലത്തിൽ നോഡൽ പ്രേരക്മാർക്കുമാണ് സാക്ഷരതാ പ്രവർത്തനങ്ങളുടെ ചുമതല. പ്രേരകിന് 12,000, നോഡൽ പ്രേരകിന് 15,000 എന്നിങ്ങനെയൊണ്‌ വേതനം. ജില്ലാതലത്തിൽ ചുമതല നിർവഹിക്കുന്നവർക്കും ഈ അനുപാതത്തിനുപകരം ഹയർ സെക്കൻഡറി അധ്യാപക യോഗ്യതയനുസരിച്ചുള്ള ശമ്പളമാണ് അനുവദിച്ചത്.

സാക്ഷരതാ ക്ലാസിൽ പ്രേരക്മാരും നാലാംതരം ക്ലാസിൽ നോഡൽ പ്രേരക്മാരും ഏഴാംതരം ക്ലാസിൽ ഇൻസ്ട്രക്ടർമാരുമാണ് പഠിപ്പിക്കുന്നത്. പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളിൽ സർക്കാർ സർവീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകരാണ് പഠിപ്പിക്കുന്നത്.

പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് അധ്യാപകയോഗ്യത നിഷ്‌കർഷിച്ചിട്ടില്ല. എന്നിട്ടും അധ്യാപകർക്കുള്ള വേതനമാണ് നൽകുന്നത്. 2016 സെപ്റ്റംബറിലും 2019 ജൂണിലുമായി രണ്ടുഘട്ടമായാണ് ശമ്പളം ഉയർത്തിയത്.

തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ജോലി നഷ്ടപ്പെടില്ല

പ്രേരകായി ജോലിചെയ്യുന്ന രാഷ്ട്രീയക്കാർക്ക് സംരക്ഷണമൊരുക്കുകയാണ് സാക്ഷരതാമിഷൻ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജീവനക്കാർക്ക് പൂർണപിന്തുണ നൽകുന്ന നിലപാടാണ് മിഷൻ സ്വീകരിച്ചത്. ജയിക്കുന്നവർക്ക് ഭരണകാലാവധി കഴിഞ്ഞും തോൽക്കുന്നവർക്ക് മത്സരശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാനാണ് അനുവാദംനൽകിയത്.