തിരുവനന്തപുരം: ഒരു കൊല്ലത്തിലധികമായി അടഞ്ഞുകിടന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു. ഒക്ടോബർ നാലുമുതൽ ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗത്തിലെ അവസാന വർഷ വിദ്യാർഥികൾക്കായിരിക്കും പ്രവേശനം. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ഡൗണും അവസാനിപ്പിച്ചു.

ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ അവസാനവർഷ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഉൾപ്പെടുത്തിയാകും പ്രവർത്തനം. അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസാന വർഷ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് ഈയാഴ്ചതന്നെ എടുക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ അത് സ്വീകരിക്കണം.

18 വയസ്സിനു മുകളിലുള്ളവർക്ക് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന പരിശീലനസ്ഥാപനങ്ങൾ ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും ഉൾക്കൊള്ളിച്ച് ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കാനും അനുവദിക്കും.

10, 12 ക്ലാസ് അധ്യയനം വളരെ പ്രധാനമാണ്. സ്കൂൾ അധ്യാപകരും ഈയാഴ്ച തന്നെ വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ അതിനാവശ്യമായ ക്രമീകരണം ചെയ്യണം. വാക്സിനേഷനിൽ സ്കൂളധ്യാപകർക്ക് മുൻഗണന നൽകും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യരംഗത്തെ വിദഗ്‌ധരുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയ ശേഷം മറ്റു കാര്യങ്ങൾ വിദ്യാഭ്യാസ വിദഗ്‌ധർ തീരുമാനിക്കും. കോളേജുകളിൽതന്നെ എല്ലാ വിഭാഗങ്ങളും തുറക്കുന്നതിൽ പിന്നീട് വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി പറയുന്നത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത ഉത്തരവ് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. പരീക്ഷ നടത്താൻ സംസ്ഥാനം തീരുമാനമെടുത്തത് ഇവിടെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ ന്യായത്തിലേക്കും മറ്റും കടക്കുന്നില്ല. പരീക്ഷ തീരുമാനിച്ചത് തെറ്റാണെന്ന് കാണാൻകഴിയില്ല. കോടതിക്ക് ഒരു ആശങ്കതോന്നിയതിന്റെ ഭാഗമായി തത്കാലം സ്റ്റേ ചെയ്തു. കോടതി വീണ്ടും പരിശോധിച്ച് കാര്യങ്ങൾ പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.