പാലക്കാട്: കഴിഞ്ഞ രണ്ട്‌ നിയമസഭാതിരഞ്ഞെടുപ്പുകളിൽ സി.പി.െഎ. തോറ്റ മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർഥിയാക്കാൻ പാലക്കാട് രൂപതാധ്യക്ഷന്റെ ശുപാർശക്കത്ത്. കഞ്ചിക്കോട്ടെ വ്യവസായി െഎസക് വർഗീസിന് സീറ്റുനൽകുന്നത് ഗുണകരമാവുമെന്ന നിർദേശത്തോടെയാണ് കത്ത്. സി.പി.െഎ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് പാലക്കാട് രൂപതാധ്യക്ഷൻ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കത്തുനൽകിയത്.

മണ്ണാർക്കാട് സീറ്റിന് അപേക്ഷ നൽകിയ െഎസക് വർഗീസ്, പ്രമുഖ സഭാംഗമാണെന്നും മത്സരിച്ചാൽ തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അതിനാൽ വിജയസാധ്യതയുണ്ടെന്നുമാണ് കത്തിലെ ഉള്ളടക്കം. ജനുവരി 11-നാണ് കത്തുനൽകിയത്. താൻ സഭാവിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത്‌ നൽകിയതെന്നും അത്‌ താൻതന്നെ കാനം രാജേന്ദ്രന് കൈമാറിയെന്നും െഎസക് വർഗീസ് പറഞ്ഞു. മത്സരിക്കാൻ താത്പര്യമുണ്ടെന്നും വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2006-ൽ സി.പി.െഎ. ടിക്കറ്റിൽ ജോസ് ബേബി മണ്ണാർക്കാട്ടുനിന്ന് ജയിച്ചിരുന്നു. 2011-ലും 2016-ലും മുസ്‌ലിംലീഗിലെ എൻ. ഷംസുദ്ദീനായിരുന്നു വിജയം. പാലക്കാട് ബിഷപ്പുമായി ഫോണിൽ ബന്ധപ്പെടാൻ ‘മാതൃഭൂമി’ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിചയമുള്ള ഒരാൾക്ക് നൽകുന്ന ശുപാർശക്കത്തെന്നതിലപ്പുറം അതിൽ രാഷ്ട്രീയമൊന്നും കാണേണ്ടതില്ലെന്നാണ് പാലക്കാട് രൂപതയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. സി.പി.ഐ. മലമ്പുഴ മണ്ഡലം കമ്മിറ്റിക്കും െഎസക് വർഗീസ് താത്പര്യം പ്രകടിപ്പിച്ച് കത്ത്ുനൽകിയതായാണ് സൂചന. എന്നാൽ, സ്ഥാനാർഥിനിർണയചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ലെന്നും ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സി.പി.ഐ. ജില്ലാനേതൃത്വം അറിയിച്ചു.