തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ അറിവോടെ. വിജിലൻസ് ഡയറക്ടർ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷൻ ബചത്’ എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലൻസ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമൺ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയിൽ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലൻസ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാർട്ടിയിലെ ചർച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വ്യക്തമാക്കിയത്.
അപകടം മൂന്ന്
1) കെ.എസ്.എഫ്.ഇ.യിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സർക്കാരിനെ കുരുക്കാൻ സെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് സി.പി.എം.തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് ഇത്ര ഗുരുതരമായ ‘കണ്ടെത്തൽ’ സർക്കാരിന്റെ ധനകാര്യസ്ഥാപനത്തിനുമേൽ വരുന്നത്.
2) കിഫ്ബിയിൽ അഴിമതിയാണെന്ന സി.എ.ജി. റിപ്പോർട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം ആക്രമിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെയും സംശയത്തിലാക്കുന്നത്.
3) കെ.എസ്.എഫ്.ഇ.യുടെ വിശ്വാസ്യത തകർക്കുന്ന നീക്കമാണെന്നതാണ് മൂന്നാമത്തെ അപകടം.
സി.പി.എമ്മിൽ ഭിന്നസ്വരം
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാർട്ടിക്കുള്ളിലും ഭിന്നാഭിപ്രായം. പാർട്ടി അംഗങ്ങളായ രണ്ടുവിദ്യാർഥികൾക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമൺശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതിൽ സി.പി.എമ്മിൽ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേൽനോട്ടത്തിലാണ്. അതും സർക്കാരിനും പാർട്ടിക്കും പഴികേൾപ്പിച്ചു. ഒടുവിൽ ഇപ്പോൾ കെ.എസ്.എഫ്.ഇ. പരിശോധനയും.
Content Highlight: Kerala KSFE Vigilance raid