കൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് ധരിക്കുന്നതിൽ ഇളവ് നൽകാൻ സംസ്ഥാനസർക്കാരിനാവില്ലെന്നു ഹൈക്കോടതി. മോട്ടോർവാഹന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ഒാഗസ്റ്റ് ഒൻപതു മുതൽ പ്രാബല്യത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഇതു വ്യക്തമാക്കിയത്.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന നാലു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നു കേന്ദ്ര നിയമത്തിലെ പുതിയ ഭേദഗതിയിലുണ്ട്. ഭേദഗതിക്കു മുമ്പുള്ള കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ 129-ാം വകുപ്പ് ഹെൽമെറ്റിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിരുന്നു. നിയമം മാറിയതോടെ ഈ അധികാരം നഷ്ടപ്പെട്ടു.
പഴയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഹെൽമെറ്റ് ധരിക്കാൻ ഇളവ് അനുവദിച്ച് 2003-ൽ കേരള മോട്ടോർവാഹന നിയമത്തിൽ ഉൾപ്പെടുത്തിയ വകുപ്പ് 2015-ൽ സ്‌റ്റേ ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. ഈ വകുപ്പിനെതിരേ ജോർജ് ജോൺ എന്നയാൾ നൽകിയ ഹർജിയും, സ്റ്റേ ചെയ്തതിനെതിരേ 2015-ൽ സർക്കാർ നൽകിയ അപ്പീലുമാണ് കോടതി പരിഗണിക്കുന്നത്. ചൊവ്വാഴ്ച ഇവ വീണ്ടും പരിഗണിക്കും.
Content Highlights: kerala highcourt says government cant give relaxation in helmet rule in motor vehicle act