കൊച്ചി: ലോകായുക്ത റിപ്പോർട്ടിനെതിരായ മന്ത്രി ജലീലിന്റെ നിർണായക റിട്ട് പെറ്റീഷൻ ഹൈക്കോടതി പരിഗണിക്കുന്നതിനു സാക്ഷിയായി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദ്ദീൻ അടക്കമുള്ള ഉദ്യോഗസ്ഥരുണ്ടായിരുന്നു. പെറ്റീഷൻ ഫയലിൽ സ്വീകരിക്കണോ എന്ന കാര്യത്തിൽ അഭിഭാഷകർ ഏറ്റുമുട്ടുന്നതിനിടെയാണ് ‘ഈസ് ഹി സ്റ്റിൽ ഇൻ ഓഫീസ്’ (അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുകയാണോ?) എന്ന ചോദ്യം ന്യായാധിപന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രിയെന്ന നിലയിലാണ് റിട്ട് പെറ്റീഷൻ നൽകിയതെന്നു വിശദീകരിച്ചെങ്കിലും ചോദ്യത്തിലെ അപകടം അപ്പോൾത്തന്നെ തിരുവനന്തപുരത്തുള്ള മന്ത്രിയെ അറിയിച്ചു.

അപ്പോൾത്തന്നെ മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. വാദം നടക്കുന്നതിനിടയിൽ ജലീൽ രാജിവെച്ചതായി വാർത്ത വന്നു. എന്നാൽ, കോടതിയെ ഇക്കാര്യം അറിയിക്കാനായില്ല. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് സത്യപ്രതിജ്ഞാലംഘനമടക്കം നടത്തിയതിനാൽ മന്ത്രിസ്ഥാനത്ത് തുടരരുതെന്ന ലോകായുക്തയുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന കെ.ടി. ജലീലിന്റെ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. ഹർജി തള്ളി വിധിയുണ്ടായിരുന്നെങ്കിൽ രാജി അതിന്റെ പേരിലായിരുന്നുവെന്ന വ്യാഖ്യാനം വരും. അതൊഴിവാക്കാനാണ് കോടതിയിൽനിന്നുള്ള സൂചന ഉൾക്കൊണ്ട് രാജിയിലേക്ക് പെട്ടെന്നു നീങ്ങിയത്.

സ്റ്റേ ആവശ്യം അംഗീകരിച്ചില്ല

ഒന്നരമണിക്കൂറോളമാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേട്ടത്. ലോകായുക്ത റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല.