കൊച്ചി: പൊതുവാഹനങ്ങളും പൊതുസേവനങ്ങളും മുടക്കുന്നതും പരീക്ഷ മാറ്റിവെക്കുന്നതും കോടതി ഉത്തരവ് പാലിക്കാതെയുള്ള നടപടിയായി കണക്കാക്കുമെന്ന് ഹൈക്കോടതി. ഇതിനുത്തരവാദികളായവർ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ഹർത്താലിൽ പൊതുസേവനം മുടങ്ങുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.

മറ്റ് നിർദേശങ്ങൾ

* ഹർത്താലാഹ്വാനത്തെ പിന്തുണയ്ക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടാക്കുന്നത് പോലീസ് തടയണം.

* തിങ്കളാഴ്ച മാധ്യമങ്ങളിൽ വന്ന വാർത്തയിൽ നോട്ടീസില്ലാതെയുള്ള മിന്നൽഹർത്താൽ നിയമവിരുദ്ധമാണെന്ന കോടതി ഉത്തരവിട്ടിട്ടുള്ള കാര്യം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യംകൂടി വാർത്തയിൽ ഉൾപ്പെടുത്തണമെന്ന് മാധ്യമങ്ങളോട് കോടതി അഭ്യർഥിച്ചു.

* അനധികൃത ഹർത്താലാണെന്ന് ബോധ്യപ്പെട്ടാൽ അതിനു വഴങ്ങി സേവനം മുടക്കുന്നതിൽനിന്ന് പൊതുസേവനവിഭാഗത്തെ നിരുത്സാഹപ്പെടുത്തണം.

* കോടതിയുത്തരവിനു വിരുദ്ധമായി അനധികൃത ഹർത്താലും പൊതുപണിമുടക്കും നടത്തുന്ന സംഘടനകളുടെ രജിസ്ട്രേഷനോ അംഗീകാരമോ റദ്ദാക്കാനും അയോഗ്യത കല്പിക്കാനും വ്യവസ്ഥയുണ്ടോയെന്നും വാദത്തിനിടെ കോടതി ആരാഞ്ഞു.

സർക്കാർ ഹാജരാക്കിയത് ഫെയ്സ്ബുക്ക് പോസ്റ്റ്

സർക്കാർ ഹാജരാക്കിയത് സംസ്ഥാനഹർത്താലിന് ആഹ്വാനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന്റെ പകർപ്പ്.

കാസർകോട് ജില്ലയിലെ ഹർത്താലിന് ഞായറാഴ്ച രാത്രി ഏഴിനും സംസ്ഥാനതല ഹർത്താലിന് രാത്രി 12.40-നുമാണ് ആഹ്വാനമുണ്ടായതെന്ന് ചേംബർ ഓഫ് കൊമേഴ്സ് അഭിഭാഷകൻ ബോധിപ്പിച്ചു.

Content Highlights: kerala highcourt against flash hartal, warning to universities