കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ സഹോദരികളായ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനർവിചാരണയ്ക്കായി പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലേക്ക് (പോക്സോ കോടതി) വിട്ടു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണ ഏജൻസി അപേക്ഷ നൽകിയാൽ പരിഗണിക്കണമെന്നും ജസ്റ്റിസ് എ. ഹരിപ്രസാദും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രതികൾ ജനുവരി 20-ന് വിചാരണക്കോടതിയിൽ ഹാജരാകണം. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്. ശക്തമായ തെളിവുപോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.

പുനർവിചാരണവേളയിൽ കൂടുതൽ തെളിവ് ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ആവശ്യപ്പെട്ടാൽ അനുവദിക്കണമെന്ന് കോടതി നിർദേശിച്ചു. സാഹചര്യം ആവശ്യപ്പെടുന്നെങ്കിൽ സാക്ഷികളെ ചോദ്യംചെയ്യാൻ വിചാരണക്കോടതി തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.

പൊട്ടിത്തെറിച്ച് കോടതി

വിചാരണക്കോടതി ജഡ്ജിയെയും അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും കടുത്തഭാഷയിൽ വിമർശിച്ചാണ് ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂട്ടറുടെയും ഭാഗത്ത് ഗുരുതരവീഴ്ചകളുണ്ടായി. അന്വേഷണവീഴ്ചയും ഒട്ടും താത്പര്യമില്ലാത്ത വിചാരണനടപടിയുംമൂലം നീതിനിർവഹണത്തിന് വലിയ തിരിച്ചടി നേരിട്ടു. തെളിവ് പരിഗണിക്കുന്നതിലടക്കം വിചാരണക്കോടതി ജഡ്ജി പരാജയപ്പെട്ടു. സത്യത്തിന്റെ അടിത്തറയിലാണ് നീതി നടപ്പാക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമാകണം. എങ്കിലേ നീതിനിർവഹണ സംവിധാനത്തിന് വിശ്വാസ്യത ലഭിക്കൂവെന്നും 89 പേജുള്ള വിധിന്യായത്തിൽ പറയുന്നു.

കേസ് ഇങ്ങനെ

വാളയാറിലെ അടച്ചുറപ്പില്ലാത്ത കൂരയിൽ സഹോദരികളായ രണ്ട് ദളിത് പെൺകുട്ടികൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണിത്. 13 വയസ്സുകാരിയായ മൂത്തകുട്ടിയെ 2017 ജനുവരി 13-നും ഒമ്പതുവയസ്സുകാരിയായ ഇളയകുട്ടിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർച്ചയായുള്ള പീഡനങ്ങളിൽ മനംനൊന്ത് പെൺകുട്ടികൾ ആത്മഹത്യചെയ്തെന്നായിരുന്നു കുറ്റപത്രം. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി നാലുപ്രതികളെയും വെറുതേവിട്ടത്.

പ്രതികൾ

പാലക്കാട് സ്വദേശി മധു (വലിയ മധു), ഇപ്പോൾ പാലക്കാട് താമസിക്കുന്ന ഇടുക്കി ഉടമ്പൻചോല സ്വദേശി ഷിബു, പ്രദീപ് കുമാർ, കുട്ടി മധുവെന്ന മധു എന്നിവരായിരുന്നു പ്രതികൾ. പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കേ ജീവനൊടുക്കി. ഈ കേസ് ഒഴിവാക്കി ബാക്കി നാലുകേസുകളിലാണ് വിധി. വലിയ മധു രണ്ടുപെൺകുട്ടികളെയും പീഡിപ്പിച്ച കേസിലും കുട്ടി മധു, ഷിബു എന്നിവർ മൂത്തപെൺകുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്.

Content Highlights:  Kerala High Court sets aside aquittal in Walayar minors’ rape-murder case