കൊച്ചി: കർണാടക അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരപരിധിയില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കോവിഡ് ഒന്നാംഡോസ് വാക്സിനെടുത്തവരും കർണാടകയിലേക്കു പോകാൻ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ. പരിശോധനാഫലം കരുതണം എന്നതടക്കമുള്ള നിബന്ധന ഏർപ്പെടുത്തി കർണാടക ജൂലായ് 31-നു പുറപ്പെടുവിച്ച ഉത്തരവാണ് ഹർജിക്കാർ ചോദ്യംചെയ്തത്. മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ്, പൊതുപ്രവർത്തകൻ കെ.ആർ. ജയാനന്ദ എന്നിവരായിരുന്നു ഹർജിക്കാർ.

കർണാടകസർക്കാരിന്റെ നിയന്ത്രണം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായേ കാണാനാകൂവെന്ന് ഹൈക്കോടതി വിലയിരുത്തി. കർണാടകത്തിലാണ് നിയന്ത്രണം ബാധകമാക്കിയത്. നിയന്ത്രണത്തെക്കുറിച്ച് പരിശോധിക്കേണ്ടത് കർണാടക ഹൈക്കോടതിയാണ്.

സംസ്ഥാനാന്തര യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് കാട്ടി കേന്ദ്രസർക്കാർ ഓഗസ്റ്റ് 25-ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ക്വാറന്റീൻ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

വിഷയം കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലല്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കേരളസർക്കാർ വിഷയം ഉന്നയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാരും ചൂണ്ടിക്കാട്ടി. സർക്കുലറിലെ നിർദേശം കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് കർണാടക ഹൈക്കോടതി ഓഗസ്റ്റ് 17-നു പുറപ്പെടുവിച്ച ഉത്തരവും ചൂണ്ടിക്കാട്ടി.

അടിയന്തരചികിത്സയ്ക്ക് ഏത് വാഹനത്തിലെത്തിയാലും രോഗികളെ കർണാടകയിലേക്കു കടത്തിവിടണമെന്ന് കേരള ഹൈക്കോടതി നേരത്തേ നിർദേശിച്ചത് നടപ്പാക്കിയെന്നും കർണാടകസർക്കാർ അറിയിച്ചു.