കൊച്ചി: ഏതു ഹർത്താലിനും മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. നോട്ടീസ് നൽകുന്നത് ഹർത്താലിൽ അക്രമംനടത്താനുള്ള അനുമതിയല്ലെന്നും കോടതി വ്യക്തമാക്കി. ഹർത്താൽ സംബന്ധിച്ച കോടതി ഉത്തരവ് അറിയില്ലായിരുന്നുവെന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെയും യു.ഡി.എഫ്. കാസർകോട് ജില്ലാ ചെയർമാൻ കമറുദ്ദീന്റെയും കൺവീനർ എ. ഗോവിന്ദൻ നായരുടെയും വാദം തള്ളിയാണ് ഉത്തരവ്.

അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഡീൻ കുര്യാക്കോസും യു.ഡി.എഫ്. നേതാക്കളും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഡീനിനെതിരായ കോടതിയലക്ഷ്യകേസ് പരിഗണിക്കുന്നത് 18-ലേക്ക് മാറ്റി. ഹർത്താൽ വിഷയത്തിൽ ചൊവ്വാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സർപ്പിക്കാൻ സർക്കാരിനും കോടതി നിർദേശംനൽകി.

പ്രതിഷേധത്തിന്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സുപ്രീം കോടതിയും ഇക്കാര്യം അംഗീകരിച്ചതാണ്. പ്രതിഷേധത്തിൽ എല്ലാവരും പങ്കുചേരണമെന്ന് നിർബന്ധിക്കുന്നത് അംഗീകരിക്കാനാകില്ല. അങ്ങനെ വരുമ്പോൾ മറ്റുള്ളവരുടെ ഭരണഘടനാ അവകാശത്തെ നിഷേധിക്കലാകും.

കേരളത്തിലെ ഹർത്താലുകളിൽ അക്രമം പതിവായി. ആര്‌ ഹർത്താൽ നടത്തി എന്നതല്ല ഇവിടത്തെ പ്രശ്നം. മറിച്ച് മിന്നൽ ഹർത്താലിലൂടെ മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണ്. ഇക്കാര്യത്തിൽ നിയമം അറിയില്ലായിരുന്നുവെന്ന് പറയുന്നതിൽ അർത്ഥമില്ല. കോടതിയുടെ ഉത്തരവ് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്- കോടതി വ്യക്തമാക്കി.

ഹർജി പരിഗണിക്കവേ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജില്ലാ യു.ഡി.എഫ് നേതാക്കളുടെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ ഹർത്താൽ നടന്നെന്നും ഇവർക്ക് അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വാദിച്ചു. സമാധാനപരമായ ഹർത്താലിനാണ് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തതെന്ന് ഡീനിൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ഹർത്താലിന്റെ ഫലമെന്താണെന്ന് നോക്കണമെന്നും അതിനാണ് പ്രസക്തിയെന്നും കോടതി പറഞ്ഞു.

ഫെബ്രുവരി 17-ന് രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് താലൂക്ക് ആശുപത്രിയിലായിരുന്നെന്നും ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നും ജില്ലാ യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. ഏതൊക്കെ സംഘടനകളാണ് മിന്നൽ ഹർത്താലിന് ആഹ്വാനംചെയ്തതെന്ന് പരിശോധിച്ചപ്പോഴാണ് ഓഫീസ് ഭാരവാഹികളെ കക്ഷിയാക്കിയതെന്നും ഉത്തരവാദികൾ മറ്റാരെങ്കിലുമാണെങ്കിൽ ഇവരെ നിയമപരമായി ഒഴിവാക്കി അവർക്കെതിരേ നടപടിയെടുക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.

content highlights: kerala high court on hartal