കൊച്ചി: പോലീസിന്റെ ‘എടാ’,‘എടി’ വിളികൾ കൊളോണിയൽ രീതികളുടെ ശേഷിപ്പാണെന്ന് ഹൈക്കോടതി. സംസ്കാര സമ്പന്നമായ ഒരു സേനയ്ക്ക് ഒട്ടും അഭികാമ്യമല്ല അത്തരം വിളികളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ചേർപ്പ് പോലീസ് സബ് ഇൻസ്പെക്ടർ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശ്ശൂർ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ ജെ.എസ്. അനിൽ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഹർജിക്കാരന്റെ പരാതിയുടെമാത്രം അടിസ്ഥാനത്തിലല്ല ഇത് പറയുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ‘എടാ’ ‘എടി’ വിളികൾ പതിവാണെന്ന് ആരോപണം ഏറെയാണ്. പോലീസ് ഓഫീസർമാർ മോശമായ വാക്കുകൾ ഉപയോഗിച്ചു എന്നത് അന്വേഷിക്കുന്നതും പോലീസ് തന്നെയായതിനാൽ തെളിയിക്കാൻ ബുദ്ധിമുട്ടാണ്.

മാന്യമായിമാത്രമേ ജനങ്ങളോട് പെരുമാറാവു എന്ന് ഹൈക്കോടതി 2018 നവംബറിൽ ഉത്തരവിട്ടിട്ടുണ്ട്. മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.