കൊച്ചി: കൃഷിഭൂമിയിൽ വ്യാപകമായി നാശംവരുത്തുന്ന സ്ഥലങ്ങളിൽ കാട്ടുപന്നികളെ വേട്ടയാടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കർഷകർക്ക് അനുമതിനൽകണമെന്ന് ഹൈക്കോടതി. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണം. കോഴിക്കോട് താമരശ്ശേരി സ്വദേശി കെ.വി. സെബാസ്റ്റ്യൻ, പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് തോമസ് എന്നിവരുൾപ്പെടെ ഒരുകൂട്ടം കർഷകർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.

കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വനഭൂമിയോടുചേർന്നുള്ള കൃഷിഭൂമിയിൽ കാട്ടുപന്നികൾ നാശംവിതയ്ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ശല്യം രൂക്ഷമായ മേഖലകളിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ അവയെ കൊല്ലാൻ കർഷകർക്കു കഴിയും. എന്നാൽ, കേന്ദ്രതീരുമാനം വൈകുന്നത് കണക്കിലെടുത്താണ് കേരള വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥപ്രകാരം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നൽകാൻ കോടതി നിർദേശം നൽകിയത്.