കൊച്ചി: വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ സഹായം തേടി പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതിമാരുടെ രണ്ടുമക്കളെ പോലീസ് കേസിൽ കുടുക്കിയെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി.

‘അഞ്ചുമക്കൾക്ക് പോലീസ് വിലയിട്ടു, അഞ്ചുലക്ഷം’ എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പോലീസ് കമ്മിഷണറോട് നിർദേശിച്ചു. അഭിഭാഷകനായ എ.വി. ജോജയാണ് വാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോപണത്തിലെ നിജസ്ഥിതി അറിയില്ല. പക്ഷെ സംഭവം ശരിയാണെങ്കിൽ അങ്ങേയറ്റം അപകടകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്യാൻ രജിസ്റ്ററിക്ക്‌ നിർദേശം നൽകി. ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. ആവശ്യമെങ്കിൽ അഡ്വ. എ.വി. ജോജയെ അമിക്കസ് ക്യൂറിയായി നിയമിക്കും. കേസിൽ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം 25-ന് പരിഗണിക്കും. പെൺകുട്ടികളെ കാണാനില്ലെന്ന സഹോദരങ്ങളുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

എറണാകുളത്ത് ചെരിപ്പുകച്ചവടം നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതിമാരുടെ 19-ഉം 14-ഉം വയസ്സുള്ള കുട്ടികളെയാണ്‌ ഡൽഹിയിലേക്ക് തട്ടിക്കൊണ്ടുപോയത്. അവിടെ നിന്നാണ് പോലീസ് കണ്ടെത്തിയതെന്നും അറിയിച്ചു. പെൺകുട്ടികളുടെ രണ്ടുസഹോദരങ്ങളെ പോലീസ്‌ കള്ളക്കേസിൽ കുടുക്കി റിമാൻഡ്‌ ചെയ്തതായാണ്‌ പരാതി.