കൊച്ചി: കർശന നിയമങ്ങൾ നിലനിൽക്കുമ്പോഴും ഭർത്തൃവീടുകൾ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ വാസസ്ഥലമായി മാറുകയാണെന്ന് ഹൈക്കോടതി. ഇത് എന്നത്തേക്കുമായി അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് വി. ഷെർസി അഭിപ്രായപ്പെട്ടു. സ്ത്രീധനത്തിനായി ഭാര്യയെയും ഭാര്യാപിതാവിനെയുമടക്കം മർദിച്ച യുവഡോക്ടർ തിരുവനന്തപുരം വട്ടപ്പാറ കണ്ണംകുഴി ആർ.വി. സദനത്തിൽ ഡോ. സിജോ രാജനും ബന്ധുക്കളും നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.

ശാരീരികവും മാനസികവുമായി സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്. ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരിൽ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും ഇതിന് കുറവുണ്ടാകുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഡോ. സിജോ രാജൻ, പിതാവ് സി. രാജൻ, മാതാവ് വസന്ത രാജൻ, സഹോദരൻ റിജോ രാജൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. സിജോയുടെ ഡോക്ടറായ ഭാര്യയെയും ഭാര്യയുടെ അച്ഛനെയും സഹോദരനെയുമടക്കം മർദിച്ചതിനെതിരേ എടുത്ത കേസിലാണ് ജാമ്യം തേടിയത്.

ഭാര്യയുടെ പേരിൽ വീട്ടുകാർ നൽകിയ രണ്ടേക്കർസ്ഥലം സ്വന്തംപേരിൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവം. കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്തൃവീട്ടിലെ പീഡനം കാരണം കഴിഞ്ഞ ഏപ്രിൽ 14-ന് സ്വന്തംവീട്ടിലേക്കു പോന്നു. മകളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് യുവതിയുടെ അച്ഛനെയെയും സഹോദരനെയും ഭർത്തൃവീട്ടുകാർ മർദിച്ചത്.

സർക്കാർ സർവീസിൽ ഡോക്ടറാണ് സിജോ. അടുത്തിടെയാണ് സർവീസിൽ പ്രവേശിച്ചത്. കോവിഡ് ഡ്യൂട്ടിയിലാണെന്നും അതിനാൽ മുൻകൂർജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.