കൊച്ചി: രാഷ്ട്രീയപ്രത്യയശാസ്ത്രം സമൂഹത്തെ കൊലപാതകങ്ങളിലേക്കല്ല ഉയർന്ന മൂല്യങ്ങളിലേക്കാണ് നയിക്കേണ്ടതെന്ന് ഹൈക്കോടതി. തിരുവോണനാളിൽ തൃശ്ശൂർ മറ്റത്തൂരിലെ ബി.ജെ.പി. പ്രവർത്തകൻ അഭിലാഷിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സിയാജ് റഹ്‌മാനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ ഷാന്റോ (ഷാന്റപ്പൻ 26), ജിത്ത് (29), ഡെന്നീസ് (29), ശിവദാസൻ (24), ഏഴാം പ്രതി രാജൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. പ്രതികൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണിത്. സി.പി.എം. പ്രവർത്തകരായിരുന്നു പ്രതികൾ. സുഹൃത്തിന്റെ വീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിനെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.

2015 ഓഗസ്റ്റ് 28-നായിരുന്നു സംഭവം. ഏഴാം പ്രതിയായ രാജനാണ് അഭിലാഷിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. ഒന്നുമുതൽ നാലുവരെ പ്രതികളാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെങ്കിലും സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കൊലപാതകം നടത്തിയത് ഇവരാണെന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി.

ആകെ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരായിരുന്നു അപ്പീൽ. തെളിവുകളില്ലാതെയാണ് അഞ്ചുപേരെയും ശിക്ഷിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.