തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിജില്ലകളിൽ അതിതീവ്രമഴ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ജില്ലയുടെ കിഴക്കൻ അതിർത്തിപങ്കിടുന്ന നീലഗിരി കുന്നുകളിൽ അതിശക്തമായ മഴപെയ്തു. കേരളത്തിന്റെ കിഴക്കൻ മലയോരമേഖലയിലും കനത്ത മഴപെയ്യുന്നുണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളുടെ കിഴക്കൻമേഖല അടുത്ത 24 മണിക്കൂർകൂടി അതിജാഗ്രത പാലിക്കണം. ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

മലയോരത്തെ ശക്തമായമഴ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാവാം. ശക്തമായ കാറ്റിനുള്ള സാധ്യതാമുന്നറിയിപ്പുമുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാൻ നിർദേശം നൽകി. 27 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്.