തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം കൊയ്തെടുത്ത നേട്ടങ്ങൾ ബി.ബി.സി.യുമായി പങ്കുവച്ച്‌ മന്ത്രി കെ.കെ. ശൈലജ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ വീടുകളിൽ നിരീക്ഷിക്കാനടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗാർഡിയനടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീർത്തിച്ചിരുന്നു.

Content Highlight: Kerala Health Minister KK Shailaja in BBC as guest