കൊച്ചി: പ്രളയദുരിതാശ്വാസപ്രവർത്തനം നടക്കുന്പോൾ സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത് ഉചിതമാണോ എന്ന് കോടതി. നഷ്ടപരിഹാരമുൾപ്പെടെ പരാമർശിക്കുന്ന ഹർജി പരിഗണിക്കവേയാണ് വാക്കാലുള്ള ഈ പരാമർശം.

ബസുകൾ കുറവായതും മറ്റും സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ദുരിതാശ്വാസപ്രവർത്തനത്തെയും ബാധിച്ചേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തനിവാരണം, റവന്യൂ, ജലസേചനം തുടങ്ങിയ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച നടക്കുമെന്ന് സർക്കാർ ബോധിപ്പിച്ചു.

ഹർജികളിലെ അമിക്കസ് ക്യൂറിയുടെ ശുപാർശകളും യോഗത്തിൽ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. വെള്ളപ്പൊക്കമുണ്ടായപ്പോൾ നാശനഷ്ടം കുറയ്ക്കാൻ സഹായിക്കുന്ന മുന്നറിയിപ്പൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നുകാണിച്ച് പത്തനംതിട്ട ഡി.സി.സി. വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ നൽകിയ ഹർജി പരിഗണിക്കവേയാണിത്. ഇതും സമാനമായ മറ്റുഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. പ്രകൃതിദുരന്തത്തെ മുൻകൂട്ടിക്കണ്ട് അടിയന്തരകർമപദ്ധതിക്ക് നിർദേശിക്കണമെന്ന് ഹർജിയിൽ ആവശ്യമുണ്ട്.