തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് വിശദീകരണം തേടുന്ന ഗവർണറുടെ കത്തുവരുന്നതുംകാത്ത് സർക്കാർ. തന്നെ അറിയിക്കാതെ കോടതിയിൽ പോയത് ചട്ടലംഘനമാണെന്നും സർക്കാരിനോട് വിശദീകരണം ചോദിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വെള്ളിയാഴ്ച ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ രാജ്ഭവനിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

കത്തുകിട്ടിയാൽ ചോദ്യങ്ങൾക്ക് നിയമവിദഗ്ധരുമായി ആലോചിച്ച് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിത്തന്നെ മറുപടി നൽകാനൊരുങ്ങുകയാണ് സർക്കാർ. റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം, ഗവർണറുടെ അധികാരത്തെ ചോദ്യംചെയ്യുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു പറഞ്ഞ നിയമന്ത്രി എ.കെ. ബാലൻ അദ്ദേഹവുമായി ഏറ്റുമുട്ടാൻ സർക്കാരില്ലെന്നു സൂചിപ്പിച്ചു.

ന്യൂഡൽഹിയിലുള്ള ഗവർണർ ഞായറാഴ്ച തിരിച്ചെത്തിയാൽ വിശദീകരണക്കത്ത് സർക്കാരിന് നൽകിയേക്കും. തിങ്കളാഴ്ചതന്നെ ഉത്തരേന്ത്യയിലേക്ക്‌ പോകുന്ന അദ്ദേഹം പിന്നീട് ദിവസങ്ങൾ കഴിഞ്ഞേ തിരിച്ചെത്തൂ. തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനാൽ പകരം കൊണ്ടുവരുന്ന ബിൽ തിങ്കളാഴ്ച മന്ത്രിസഭ പരിഗണിക്കുന്നുണ്ട്. നിയമസഭ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യുന്നതും തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗമാണ്. ഇതിനിടെ കത്തുലഭിക്കുകയാണെങ്കിൽ ഗവർണർ ഉന്നയിക്കുന്ന റൂൾസ് ഓഫ് ബിസിനസ് പ്രശ്നങ്ങൾക്ക് ചട്ടവും നിയമവും വിശദീകരിച്ചുതന്നെ മറുപടി നൽകും. ഗവർണർ ചൂണ്ടിക്കാട്ടുന്നതരത്തിലുള്ള ചട്ടലംഘനമോ നിയമലംഘനമോ ഉണ്ടായില്ലെന്നായിരിക്കും ഉള്ളടക്കം.

ഗവർണറോടുള്ള സർക്കാർ നിലപാട് മന്ത്രി എ.കെ. ബാലൻ മയപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകുന്നത് ശരിയല്ലെന്ന കടുത്തവിമർശനമാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉയർത്തിയത്. രണ്ട് അധികാരകേന്ദ്രമുണ്ടാകുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കും. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം. ഭരണഘടനയിൽ പറയുന്ന അധികാരപരിധി എല്ലാവരും ഓർക്കേണ്ടതാണ്. പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിയ്ക്കു മുകളിൽ വരാറില്ല -സ്പീക്കർ തിരിച്ചടിച്ചു.

ഗവർണറുടെ ആശങ്ക പരിഹരിക്കും

സുപ്രീംകോടതിയെ സമീപിക്കാൻ ഗവർണറുടെ സമ്മതം വേണമെന്ന്‌ ഭരണഘടനയിൽ പറയുന്നില്ല. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലുണ്ടാകുന്നതരത്തിലുള്ള കാര്യങ്ങളുണ്ടാകുമ്പോൾ മാത്രം ഗവർണറെ അറിയിച്ചാൽ മതി. ഇവിടെ കേന്ദ്രവുമായി ഏറ്റുമുട്ടൽ ഇല്ല, മറിച്ച് സംസ്ഥാനത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രനിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ഭരണഘടനയുടെ 131-ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. ഗവർണറുടെ സമീപനം വിഷമമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ ആശങ്ക പരിഹരിക്കാൻ ശ്രമിക്കും

-മന്ത്രി എ.കെ. ബാലൻ

Content Highlights: Kerala govt waiting for Governor's letter