തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതി രൂപവത്കരിക്കും. അനന്യകുമാരി അലക്‌സ് എന്ന ട്രാൻസ്‌ജെൻഡറിന്റെ മരണമടക്കം ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ചർച്ചചെയ്യാൻ മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽചേർന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗത്തിലാണ് തീരുമാനം.

നിലവിൽ സ്വകാര്യ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ഇതിൽ ചികിത്സാരീതികൾ, ചികിത്സച്ചെലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവസംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലില്ല. ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ചും ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് അനുകൂലമായരീതിയിൽ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധസമിതി പരിശോധിക്കും.

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കു ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനും സർക്കാരിന്റെ ഭവനപദ്ധതിയിൽ മുൻഗണനാ വിഭാഗമായി ഉൾപ്പെടുത്താനും ആവശ്യമായ നടപടി പരിശോധിക്കാൻ സാമൂഹികനീതി ഡയറക്ടറെയും ചുമതലപ്പെടുത്തി.