തിരുവനന്തപുരം: ഓണാഘോഷം പ്രധാനമായിക്കാണുന്ന മനസ്സാണ് മലയാളിയുടേതെന്നും എല്ലാ വിഷമസാഹചര്യത്തിനിടയിലും മലയാളി ഓണമാഘോഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനത്തിനായി എല്ലാവരും മാവേലിനാടിന്റെ സങ്കൽപ്പമുൾക്കൊണ്ട് ഒരുപോലെ ചിന്തിച്ച് ഒരേ മനസ്സോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുനൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായതിനാൽ കഴിഞ്ഞവർഷം ഓണാഘോഷം ഉപേക്ഷിക്കേണ്ടിവന്നു. ഇക്കൊല്ലവും കാലവർഷക്കെടുതി അനുഭവിേക്കണ്ടിവന്ന നാടാണ് കേരളം. എന്നാൽ പ്രളയത്തെ അതിജീവിക്കുന്നതിൽ നാം ലോകത്തിന് മാതൃകയായി. നല്ല നാളേയ്ക്കായുള്ള സങ്കൽപ്പം ഓണക്കാലത്ത് എല്ലാവരിലുമുണ്ടാകണം. സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനത്തിനാണ് സർക്കാർ മുൻകൈ എടുക്കുന്നത്. അതിൽ ഓണവുമായി ബന്ധപ്പെട്ട് ആശയങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകി. ചലച്ചിത്രതാരങ്ങളായ ടൊവീനോ തോമസും കീർത്തി സുരേഷും മുഖ്യാതിഥികളായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ.മാരായ ഐ.ബി.സതീഷ്, സി.ദിവാകരൻ, വി.എസ്.ശിവകുമാർ, മേയർ വി.കെ.പ്രശാന്ത്, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കെ.ടി.ഡി.സി. ചെയർമാൻ എം.വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് നിശാഗന്ധിയിൽ ഗായിക കെ.എസ്.ചിത്രയുടെ നേതൃത്വത്തിൽ സംഗീതവിരുന്നും അരങ്ങേറി.

ദുരന്തസാധ്യതയുള്ളിടത്ത് താമസിക്കുന്നവർ അവിടെനിന്ന് മാറണം

ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ അവിടെനിന്ന് മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളിടത്തു നിന്ന് മാറാൻ തയ്യാറാകണം. മറ്റിടങ്ങളിൽ സ്വന്തം സ്ഥലമുള്ളവർക്ക് അവിടേക്ക്‌ മാറാനും ഭൂമിയില്ലാത്തവർക്ക് സ്ഥലം കണ്ടെത്താനും സർക്കാർ സഹായിക്കും.

ഇനിയൊരു പ്രളയമുണ്ടാകാതിരിക്കാൻ സർക്കാർ നടപടിയെടുക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഉൾക്കൊണ്ടുള്ള വികസനമായിരിക്കും സർക്കാർ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം.

content highlights: kerala government, onam celebration, Pinarayi Vijayan