തിരുവനന്തപുരം: സാമ്പത്തികഞെരുക്കത്തിനിടയിലും സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നു. ഇതിനായി കരാറേറ്റെടുത്ത കന്പനിയായ പവൻ ഹംസ് ലിമിറ്റഡിന് മുൻകൂർ തുക സർക്കാർ കൈമാറി.

ഫ്രഞ്ച് നിർമിത ‘എ.എസ് 365 ഡൗഫിൻ എൻ’ ഹെലികോപ്റ്ററുകളാണ് വാടകയ്ക്കെടുക്കുന്നത്. ഫെബ്രുവരി 24-ന് സർക്കാർ ഇതിന് അനുമതി നൽകി. 1,44,60,000 രൂപയാണ് മാസവാടക. ചൊവ്വാഴ്ച ഇതിനുള്ള തുക ട്രഷറിയിൽനിന്ന് പിൻവലിച്ചു. 18 ശതമാനം ജി.എസ്.ടി. കൂടിയാകുമ്പോൾ തുക 1,70,63,000 കോടിരൂപയാകും.

മുൻകൂർ വാടക ലഭിച്ചാലേ കരാറുമായി മുന്നോട്ടുള്ളൂവെന്നായിരുന്നു പവൻ ഹംസിന്റെ നിലപാട്. ഇതോടെയാണ്‌ മുൻകൂർ വാടക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. ഇപ്പോൾ കൊറോണപ്രതിസന്ധികൾക്കിടെ പണം അനുവദിച്ചതും വിവാദമായി.

ടെൻഡർ വിളിക്കാതെ പവൻഹംസിൽനിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചതും ഉയർന്നവാടകയും നേരത്തേ വിവാദമായിരുന്നു. മറ്റുസംസ്ഥാനങ്ങൾ കുറഞ്ഞ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതെന്നതും വിവാദങ്ങൾക്ക് വഴിവെച്ചു.

അധികമണിക്കൂറിന് 67,000 രൂപ

ഹെലികോപ്റ്റർ സർക്കാരിന് മാസം 20 മണിക്കൂർ പറപ്പിക്കാം. അതിലേറെ പറന്നാൽ ഓരോ മണിക്കൂറിനും 67,926 രൂപ വീതം നൽകണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശപരിശീലനം നേടിയ രണ്ടു പൈലറ്റുമാരെയും പവൻഹംസ് നിയോഗിക്കും.