കൊച്ചി: സ്വര്‍ണക്കള്ളക്കടത്തിലൂടെ വരുന്ന പണത്തില്‍ കള്ളനോട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് യു.എ.ഇ. കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബി നോട്ടെണ്ണല്‍ യന്ത്രം വാങ്ങിയതെന്ന് കസ്റ്റംസിന്റെ നോട്ടീസില്‍ പറയുന്നു. സരിത്താണ് യന്ത്രം വാങ്ങി നല്‍കിയത്. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയില്‍ പിടിക്കപ്പെടാതെ ഡോളര്‍ കടത്തുന്നതിന് സ്‌കാനറും വാങ്ങിയിരുന്നു. ബാഗേജുകളില്‍ ഡോളര്‍ നിറച്ച ശേഷം, ഇത് തങ്ങളുടെ സ്‌കാനറിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് അയച്ചിരുന്നത്.

മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമവിരുദ്ധ ഇടപാടുകള്‍ നടത്തി

സംസ്ഥാനമന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും തങ്ങളെ മറികടന്ന് യു.എ.ഇ. കോണ്‍സുലേറ്റുമായി നേരിട്ട് ബന്ധം സ്ഥാപിച്ചതായി പ്രോട്ടോകോള്‍ വിഭാഗം ഉദ്യോഗസ്ഥരും മൊഴി നല്‍കിയിട്ടുണ്ട്. പ്രോട്ടോകോള്‍ വിഭാഗത്തെ ഇരുട്ടില്‍ നിര്‍ത്തിയായിരുന്നു ഈ 'ബന്ധങ്ങള്‍'എന്നാണ് കസ്റ്റംസ് നോട്ടിസില്‍ പറയുന്നത്.

സംസ്ഥാന മന്ത്രിമാരെ ഓരോ കാരണങ്ങളുണ്ടാക്കി കോണ്‍സുലേറ്റ് ഓഫീസിലേക്ക് ക്ഷണിക്കല്‍ സ്ഥിരം പരിപാടിയാക്കി മാറ്റിയിരുന്നുവെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

നയതന്ത്രക്കടത്തിന് കൂട്ട് വിമാനക്കമ്പനികള്‍  

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു കൂട്ട് വിമാനക്കമ്പനികളും. യു.എ.ഇ. ആസ്ഥാനമായ എമിറേറ്റ്സ് സ്‌കൈ കാര്‍ഗോയും എത്തിഹാദ് എയര്‍വേയ്സും സ്വര്‍ണക്കടത്ത് സംഘത്തിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തതായി കസ്റ്റംസ് കണ്ടെത്തല്‍. യു.എ.ഇ.യില്‍നിന്നു വരുന്ന ബാഗേജുകള്‍ 'നയതന്ത്ര' ബാഗേജുകളാക്കി മാറ്റിയിരുന്നത് ഈ വിമാനക്കമ്പനികളായിരുന്നു.

കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേരില്‍ ബാഗേജ് അയക്കുന്നയാള്‍ നയതന്ത്രബാഗേജ് എന്ന് രേഖപ്പെടുത്തുകയോ അതിനു തക്കരേഖകള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. യു.എ.ഇ. വിദേശകാര്യമന്ത്രാലയത്തിന്റെ രേഖകളും വിമാനക്കമ്പനികള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നിട്ടും അല്‍സാബിക്കുള്ള ബാഗേജുകളെല്ലാം നയതന്ത്രബാഗേജുകളായി മാറി. സ്വര്‍ണംകടത്തിയ 22 തവണയും ഈ രീതിയിലുള്ള സഹായം വിമാനക്കമ്പനികളില്‍നിന്നുണ്ടായി.

കടത്തിയ 129 കിലോ സ്വര്‍ണത്തിന്റെ കാര്യത്തിലും കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പിടികൂടിയ 30 കിലോ സ്വര്‍ണത്തിലും എമിറേറ്റ്സ് സ്‌കൈ കാര്‍ഗോയില്‍നിന്ന് ഈ സഹായമുണ്ടായി. എത്തിഹാദ് എയര്‍വേയ്സ് ഇത്തരത്തില്‍ 6.998 കിലോ സ്വര്‍ണംകടത്താന്‍ സഹായിച്ചതായും കസ്റ്റംസിന്റെ നോട്ടീസില്‍ പറയുന്നു. രണ്ടുകമ്പനികളും കസ്റ്റംസ് ആക്ട് അനുസരിച്ച് ശിക്ഷാര്‍ഹരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

വിയറ്റ്നാമിലെ പരീക്ഷണം കേരളത്തിലും 

കൊച്ചി: വിയറ്റ്നാമില്‍ പരീക്ഷിച്ച് വിജയിച്ച 'കടത്ത്' കേരളത്തിലും നടപ്പാക്കുകയായിരുന്നു യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും സാമ്പത്തികവിഭാഗം മേധാവി ഖാലിദും. വിയറ്റ്നാമില്‍ യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലിചെയ്തപ്പോള്‍ സിഗരറ്റും മറ്റു ചില വസ്തുക്കളും ഇവര്‍ കടത്തിയിരുന്നു. ഇതില്‍ പിടിയിലായതിന്റെ നടപടിയുടെ ഭാഗമായാണ് ഇരുവര്‍ക്കും തിരുവന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.

ഇവിടെയും അനധികൃതമായി പണം എങ്ങനെ സമ്പാദിക്കാമെന്നായിരുന്നു ഇവരുടെ ചിന്ത. യു.എ.ഇ. കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. സരിത്തുമായി ഉണ്ടായ പരിചയം ഖാലിദ് തട്ടിപ്പിനായി മുതലെടുത്തു. തങ്ങള്‍ വിയറ്റ്നാമില്‍ നടത്തിയ കടത്തിനെപ്പറ്റി ഖാലിദ് സരിത്തിനോട് വിവരിച്ചു. കേരളത്തില്‍ തട്ടിപ്പിന്റെ സാധ്യതയായിരുന്നു ഖാലിദിന് അറിയേണ്ടിയിരുന്നത്.

ഇതിനായി യോഗം വിളിച്ചു, ഈ യോഗത്തില്‍ സരിത്ത് സുഹൃത്തായ സന്ദീപിനെ ഖാലിദിന് പരിചയപ്പെടുത്തി. ഇവിടെവെച്ചാണ് ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് സന്ദീപ് പറയുന്നത്. അറബികള്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി അവശ്യവസ്തുക്കള്‍ എത്തിക്കാറുണ്ടെന്നും ഇതിന് കസ്റ്റംസ് പരിശോധനയില്ലാത്തതിനാല്‍ സ്വര്‍ണവും ഈ വഴി കടത്താമെന്നും തീരുമാനിക്കുകയായിരുന്നു.

സരിത്ത് നല്‍കിയ മൊഴിപ്രകാരം കോണ്‍സുല്‍ ജനറലും ഖാലിദും സ്വര്‍ണം, സിഗരറ്റ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഊദ്, യു.എ.ഇ.യില്‍ നിരോധിച്ച മരുന്നുകള്‍ എന്നിവ വിയറ്റ്നാമില്‍ നയതന്ത്ര പരിരക്ഷയില്‍ കടത്തിയിരുന്നു. ഇവ ഇന്‍സ്റ്റഗ്രാം വഴി വിറ്റ് പണമുണ്ടാക്കുകയും ചെയ്തു. സ്വപ്നയുടെ മൊഴിയിലും ജമാല്‍ ഹുസൈന്‍ അല്‍സാബിയും ഖാലിദും വിയറ്റ്നാമില്‍ കള്ളക്കടത്ത് നടത്തി അധികവരുമാനം ഉണ്ടാക്കിയതായി അറിയാമെന്ന് സമ്മതിക്കുന്നുണ്ട്. അക്കൗണ്ടില്‍ തിരിമറിനടത്തി ഇവര്‍ വരുമാനം ഉണ്ടാക്കിയ വിവരവും സ്വപ്നയുടെ മൊഴിയിലുണ്ട്.

Content Highlights:  Swapna stood as mediator: Customs