തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് 113,69,34,899 രൂപ വിമാനക്കൂലി ആവശ്യപ്പെട്ട് വ്യോമസേന വീണ്ടും സംസ്ഥാന സർക്കാരിന് കത്തയച്ചു. ചീഫ് സെക്രട്ടറിക്കാണ് വ്യോമസേന കത്തയച്ചത്. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലാണെന്നും തുക നൽകണമെന്ന ആവശ്യം ഒഴിവാക്കണമെന്നും അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.

പ്രളയത്തിലും 2017-ലെ ഓഖി ദുരന്തത്തിലുമായി നൂറുകണക്കിനുപേരുടെ ജീവനും സ്വത്തും നഷ്ടമായ കേരളം സാമ്പത്തികമായും തകർന്ന അവസ്ഥയിലാണ്. പ്രളയാനന്തര പുനർനിർമാണത്തിന് 31,000 കോടി രൂപ വേണമെന്നാണ് യു.എൻ. കണക്കാക്കിയത്. എന്നാൽ, ദേശീയ ദുരന്തപ്രതികരണനിധിയിൽനിന്നു കേന്ദ്രം 2904.85 കോടി രൂപ മാത്രമാണ് നൽകിയതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യമേഖലയിലടക്കം സംസ്ഥാനത്തിനുണ്ടായ നഷ്ടം കണക്കാക്കുമ്പോൾ ദേശീയ ദുരന്തപ്രതികരണനിധിയിൽനിന്നു ലഭിച്ച തുക തുലോം തുച്ഛമാണ്. പുനർനിർമാണ പദ്ധതികൾക്കായി വിവിധ ഏജൻസികളിൽനിന്ന് പണം സ്വരൂപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വ്യോമസേന ആവശ്യപ്പെട്ട തുകകൂടി കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണ്. പ്രളയ ദുരന്തത്തിൽപ്പട്ടവരെ രക്ഷിച്ചതിന് വ്യോമസേന ആവശ്യപ്പെട്ട തുക ഒഴിവാക്കിനൽകണമെന്ന് പ്രതിരോധമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.

ഹെലികോപ്റ്റർ വഴി നടത്തിയ രക്ഷാപ്രവർത്തനത്തിന് 33.79 കോടി രൂപ വേണമെന്ന് വ്യോമസേന കഴിഞ്ഞവർഷവും കത്തയച്ചിരുന്നു. അധികം അനുവദിച്ച റേഷൻ വിഹിതത്തിന് 290 കോടി കേന്ദ്രം ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.

content highlights: Kerala gets IAF bill of Rs 113 crore